ദാവൂദ് ഇബ്രാഹിമ് പാക്കിസ്ഥാനിലുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന സ്ഥിരീകരിച്ചു; ഒളിവില്‍ കഴിയുന്ന അധോലോക കുറ്റവാളിയെ കൈമാറേണ്ടത് പാകിന്റെ കടമയാണെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്ത്. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ദാവൂദിനെ ഇന്ത്യയ്ക്കു കൈമാറേണ്ടത് പാക്കിസ്ഥാന്റെ കടമയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ വിഷയത്തില്‍ യുഎന്നിന്റെ അഭിപ്രായങ്ങള്‍ മാനിച്ച് പാക്കിസ്ഥാന്‍ നല്ല തീരുമാനം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.ദാവൂദിന്റെ പാക്കിസ്ഥാനിലെ വിലാസങ്ങളായി ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയ്ക്കു കൈമാറിയ ഒന്‍പതില്‍ ആറെണ്ണവും ശരിയാണെന്നു യുഎന്‍ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനിലെ ദാവൂദിന്റെ സ്വത്തുവിവരങ്ങളും യുഎന്‍ ശരിവച്ചിട്ടുണ്ട്. ദാവൂദിന്റെ ഭാര്യയുടെ പേര്, പിതാവിന്റെ പേര്, ദാവൂദിന്റെ മറ്റു വിളിപ്പേരുകള്‍ ഇവയും ഇന്ത്യ നല്‍കിയ വിവരങ്ങളില്‍ ഉണ്ടായിരുന്നു. ഇവയെല്ലാം യുഎന്‍ ശരിവച്ചതായും വികാസ് സ്വരൂപ് പറഞ്ഞു. ദാവൂദ് ഇബ്രാഹിമിനു അഭയം നല്‍കിയിരിക്കുന്ന പാക്കിസ്ഥാനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിലാസങ്ങള്‍ ഇന്ത്യ യുഎന്നിനു കൈമാറിയത്. ദാവൂദ് പതിവായി സന്ദര്‍ശിക്കുന്ന ഒന്‍പതു സ്ഥലങ്ങളുടെ വിലാസങ്ങളാണ് യുഎന്‍ രക്ഷാസമിതിയുടെ സമിതിക്കു നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.