ഹരിയാന നിയമഭയില്‍ സന്യാസിയെത്തിയത് ഉടുതുണിയില്ലാതെ; പിറന്നപടി പ്രസംഗം; ആത്മീയമായിരുന്നില്ല, സാമൂഹ്യകാഴ്ച്ചപ്പാട്

ഛണ്ഡീഗഡ്: ഹരിയാന നിയമസഭയില്‍ സന്യാസി തരുണ്‍ സാഗര്‍ മഹാരാജ് എംഎല്‍എമാരെ അഭിസംബോധന ചെയ്യാനെത്തിയത് ഉടുതുണിയില്ലാതെ.
പ്രസംഗം കേള്‍ക്കാന്‍ ഗവര്‍ണറും സഭയില്‍ സന്നിഹിതനായിരുന്നു.പ്രസംഗപീഠത്തില്‍ പൂര്‍ണനഗ്‌നനായിട്ടായിരുന്നു സന്യാസിയുടെ പ്രസംഗം. ഭാര്യമാരുടെ കര്‍ത്തവ്യങ്ങളും പെണ്‍ഭ്രൂണഹ്യ ഉന്‍മൂലനം ചെയ്യേണ്ടതിനെ കുറിച്ചും പാകിസ്താനുമെല്ലാം 40 മിനിറ്റ് നീണ്ടുനിന്ന സന്യാസിയുടെ പ്രസംഗത്തില്‍ കടന്നുവന്നു.
ഗവര്‍ണറുടെ ഇരിപ്പിടത്തിന് തൊട്ടുമുകളില്‍ സജ്ജീകരിച്ച പ്രത്യേക പ്രസംഗപീഠത്തിലായിരുന്നു സന്യാസിയുടെ പ്രഭാഷണം.
രാഷ്ട്രീയത്തില്‍ ധര്‍മ്മത്തിന്റെ നിയന്ത്രണം അനിവാര്യമാണ്. ധര്‍മ്മം ഭര്‍ത്താവാണ്. ഭാര്യ രാഷ്ട്രീയവും. ഭാര്യയെ സംരക്ഷിക്കേണ്ടത് ഭര്‍ത്താവിന്റെ കര്‍ത്തവ്യമാണ്. ഭര്‍ത്താവിനെ അനുസരിക്കേണ്ടത് ഭാര്യമാരുടെ കര്‍ത്തവ്യവും. രാഷ്ട്രീയത്തില്‍ ധര്‍മ്മത്തിന്റെ നിയന്ത്രണമില്ലെങ്കില്‍ മദമിളകിയ ആനയെപോലെയാകും അവസ്ഥ. പെണ്‍ഭ്രൂണഹത്യ സമൂഹത്തിന്റെ സന്തുലനം തെറ്റിക്കുന്നതിന് ഇടയാക്കുന്നുവെന്ന അഭിപ്രായവും സന്യാസിക്കുണ്ട്. കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്കും ബലാത്സംഗ സംഭവങ്ങള്‍ക്കും ഇത് കാരണമാകുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും സന്യാസി രംഗത്തെത്തി. ജനങ്ങളുടെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് രൂപീകരിച്ച പാര്‍ലമെന്റാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 160 എംപിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. ക്രിമിനലുകളെ ലോക്‌സഭയുടെ പടി കയറ്റാന്‍ അനുവദിക്കരുത്. ഭീകരതയ്‌ക്കെതിരെയും സന്യാസി ആഞ്ഞടിച്ചു.ഒരു മതവും ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയുധ ശേഖരത്തിന് സര്‍ക്കാര്‍ ഉപയോഗിക്കുന്ന പണം വിദ്യാഭ്യാസതൊഴില്‍ആരോഗ്യ മേഖലകളിലാണ് ഉപയോഗിക്കേണ്ടതെന്നും സന്യാസി പറഞ്ഞു.
നമ്മുടെ അയല്‍രാജ്യം(പാകിസ്താന്‍) തീവ്രവാദത്തെ കയറ്റി അയക്കുകയാണ്. ഇന്ത്യയെ കുഴപ്പത്തിലാക്കാന്‍ ഭസ്മാസുരനെ ഉണ്ടാക്കുകയാണ് അവര്‍. ഒരാള്‍ ഒരിക്കല്‍ തെറ്റു ചെയ്താല്‍ അത് അറിവില്ലായ്മയാണ്. രണ്ട് വട്ടം തെറ്റ് ചെയ്താല്‍ അയാള്‍ നിഷ്‌കളങ്കനാണ്. മൂന്ന് വട്ടം തെറ്റ് ചെയ്താല്‍ നീചനാണ്.
ഋഷികേശിലും ഹരിദ്വാറിലും ഗംഗാ നദിയെ ശുചീകരിച്ചാല്‍ കടവുകള്‍ സ്വമേധയാ ശുദ്ധീകരിക്കപ്പെടും. സഭയുടെ ആദ്യ സെഷനില്‍ ധര്‍മ്മം മുന്നോട്ടുവെച്ചാല്‍ എല്ലാ രാഷ്ട്രീയ കടവുകളും താനെ ശുദ്ധീകരിക്കപ്പെടും. സന്യാസി കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.