ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സിയില്‍ ചെഗുവേരയുടെ ചിത്രം പതിച്ചത് വിവാദത്തില്‍. ഈ ജഴ്‌സിയണിഞ്ഞാണ് ക്രൈസ്റ്റ് കോളജില്‍ നടക്കുന്ന ഉപജില്ലാ ഫുട്‌ബോള്‍ മല്‍സരത്തില്‍ കുട്ടികള്‍ മത്സരിക്കാന്‍ ഇറങ്ങിയത്. കുട്ടികളെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ ഉപകരണമാക്കി മാറ്റുന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും നടപടിയില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പടിയൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സംഭവത്തില്‍ ഡിഇഒ, എഇഒ എന്നിവര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫിസിന് മുന്‍പില്‍ നിന്നു സ്‌കൂള്‍ പരിസരത്തേക്കു മാര്‍ച്ച് നടത്തി. സ്‌കൂളുകളിലെ കായിക മേഖലയെ പോലും രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ജഴ്‌സിയില്‍ ചെഗുവേരയുടെ ചിത്രം പതിച്ചതെന്ന് ബിജെപി കുറ്റപ്പെടുത്തി. വിഷയത്തില്‍ പ്രിന്‍സിപ്പല്‍, പ്രധാനാധ്യാപിക, കായികാധ്യാപിക എന്നിവരോട് വിശദീകരണം ആവശ്യപ്പെടുമെന്നും ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും മാനേജ്‌മെന്റിന് സംഭവവുമായി ബന്ധമില്ലെന്നും പുറത്ത് നിന്നുള്ളവരുടെ ഇടപെടല്‍ അന്വേഷിക്കുമെന്നും എച്ച്ഡിപി സമാജം പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ ഭരതന്‍ കണ്ടേക്കാട്ടില്‍ അഭിപ്രായപ്പെട്ടു.