കൊല്ലം: പോലീസിന്റെ അന്താരാഷ്ട്ര പരിപാടിയായ കൊക്കൂണ്‍ നടക്കുന്നതിനിടെ അവതാരകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൊല്ലം എസിപിക്കെതിരെ പൊലീസ് കേസെടുത്തു. അവതാരക രേഖാമൂലം പരാതി നല്‍കിയ സാഹചര്യത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിന് എസിപി വിനയകുമാരനെതിരേ അഞ്ചാലുംമൂട് പോലീസ് 354 ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഒരാഴ്ച്ച മുമ്പ് നടന്ന സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിയോട് തുടരന്വേഷണത്തിന് ഡിജിപി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തു. ഉത്തരവാദിതപ്പെട്ട ഉദ്യോഗസ്ഥന്‍ സ്ത്രീകളോട് മോശമായി പെരുമാറി. ചുമതല ഇല്ലാത്ത സ്ഥലത്ത് ഗൂഡ ലക്ഷ്യമിട്ട് വന്നു. പോകാന്‍ ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞിട്ടും കേട്ടില്ല എന്നീ കാര്യങ്ങളാണ് റൂറല്‍ എസ്പി സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.