തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം ഇരട്ടിയാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കും ശമ്പള വര്‍ദ്ധനവിനും വേണ്ടി പോരാടിയ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ വിജയമാണിത്. നഴ്‌സുമാരുടെ ശരാശരി ശമ്പളം നിലവിലുള്ള ശമ്പളമായ 13,000 ത്തില്‍ നിന്ന് ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വര്‍ദ്ധന നിലവില്‍ വരുന്നതോടെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 ആയി ഉയരും. സര്‍ക്കാര്‍ രൂപം നല്‍കിയ അവലോകനസമിതിയുടെ റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശമുണ്ടാകും. തൊഴില്‍വകുപ്പു കമ്മിഷണര്‍ അധ്യക്ഷനായ ശമ്പളവര്‍ദ്ധന അവലോകനസമിതിയുടെ അവസാന സിറ്റിങ് തിരുവനന്തപുരത്ത് ഇന്ന് നടക്കുകയാണ്. 2017 ജനുവരിയില്‍ നഴ്‌സുമാര്‍ക്ക് പുതുക്കിയ ശമ്പളം ലഭിച്ചേക്കും. നഴ്‌സുമാര്‍ക്ക് പ്രതിദിനം ആയിരം രൂപയെങ്കിലും വേതനം വേണമെന്നാണ് സംഘടന സര്‍ക്കാരിന് മുന്നില്‍ വച്ച പ്രധാന ആവശ്യം. ബോണസ് ഇനത്തില്‍ മുന്‍വര്‍ഷം രണ്ടുമാസത്തെ ശമ്പളത്തുക നല്‍കിയത് 25 ശതമാനം വര്‍ധിപ്പിക്കണമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനേജ്‌മെന്റുകള്‍ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ശമ്പള പരിഷ്‌കരണം നടന്നിട്ട് അഞ്ചുവര്‍ഷമായില്ല എന്നുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് മാനേജുമെന്റുകള്‍ ഈ ആവശ്യം നിരാകരിക്കുന്നത്. 2013 നവംബര്‍ അഞ്ചിനാണ് അവസാനമായി ശമ്പളപരിഷ്‌കരണം നടപ്പാക്കിയത്. ശമ്പളവര്‍ധനയ്ക്കായി നിരന്തരമായി സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനംകൂടിയായിരുന്നിത്.