കൊച്ചി: പെരുമ്പാവൂര്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ രണ്ട് സംഘങ്ങളാണെന്ന് പൊലീസ്. പാറപ്പുറത്തെ വീട്ടില്‍ നിന്ന് വിജിലന്‍സ് ചമഞ്ഞ് 60 പവന്‍ സ്വര്‍ണ്ണം കവര്‍ന്നിരുന്നു. കൂടാതെ നിരവധി രേഖകളും കാണാതായിരുന്നു. ഈ രേഖകളാണിപ്പോള്‍ ആലുവപ്പുഴയില്‍ നിന്ന് കണ്ടെടുത്തത്. ചാക്കില്‍കെട്ടി ആലുവ മംഗലം പാലത്തില്‍ നിന്ന് താഴോട്ടെറിഞ്ഞതായി പ്രതികള്‍ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവപ്പുഴയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പുറത്തെടുത്തെടുത്തു. സ്വര്‍ണ്ണം ഒഴികയെുള്ള തൊണ്ടിമുതലാണ് ആലുവപ്പുഴയില്‍ നിന്ന് മുങ്ങിയെടുത്തത്. രണ്ടാമത്തെ സംഘത്തിലുള്ള ചളിക്കവട്ടം ഹാരിസാണ് സ്വര്‍ണ്ണം കൊണ്ടുപോയത്.
പിടിയിലായവര്‍ ലഷ്‌കര്‍ ഇ തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയുമായ തടിയന്റവിട നസീറിന്റെ കൂട്ടാളികളാണ്. നാലു പേരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതി അബ്ദുല്‍ ഹാലിമാണ്. ഷംനാദ്, അജിംസ് എന്നിവരാണു കസ്റ്റഡിയിലുള്ള മറ്റു പ്രതികള്‍. ഒരാള്‍ തടിയന്റവിട നസീറിന്റെ അടുത്ത അനുയായി ഷഹനാസിന്റെ സുഹൃത്താണെന്നാണു വിവരം. മുഖ്യ സൂത്രധാരനെ പാലക്കാടുനിന്നാണു പിടികൂടിയത്. എറണാകുളം, കണ്ണൂര്‍ സ്വദേശികളേയാണു പിടികൂടാനുള്ളത്. തടിയന്റവിട നസീറുമായി ബന്ധമുള്ളതിനാല്‍ ഭീകരവാദത്തിനു പണം കണ്ടെത്താനാണോ കവര്‍ച്ചയെന്നാണു പോലീസ് സംശയിക്കുന്നത്. കളമശേരി ബസ് കത്തിക്കല്‍ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. തീവ്രവാദ പ്രവര്‍ത്തനത്തിനു പണം കണ്ടെത്താന്‍ മുന്‍പും സ്വര്‍ണക്കവര്‍ച്ച നടന്നിട്ടുണ്ട്. നേരത്തേ, കിഴക്കമ്പലത്ത് ജൂവലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ തടിയന്റവിട നസീറും സഹായിയും അറസ്റ്റിലായിരുന്നു. കൃത്യത്തിനു പിന്നിലെ മുഴുവന്‍ പ്രതികളേയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കവര്‍ന്ന സ്വര്‍ണം ഒളിവിലായ പ്രതികളുടെ കൈവശമെന്നാണു സൂചന.