ന്യൂഡല്‍ഹി: ആര്‍എസ്എസ്സാണ് ഗാന്ധിജിയെ വധിച്ചതെന്നല്ല, മറിച്ച് ചില ആര്‍എസ്എസ്സുകാരാണ് ചെയ്തതെന്നാണ് താന്‍ പറഞ്ഞതെന്ന് ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് സമര്‍പിച്ച അപകീര്‍ത്തി കേസില്‍ സുപ്രീംകോടതിയിലാണ് രാഹുല്‍ വിശദീകരണം നല്‍കിയത്. സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. രാഹുലിന്റെ വാദം പൂര്‍ണ്ണമായും സുപ്രീംകോടതി അംഗീകരിച്ചു. സുപ്രീംകോടതിയില്‍ രാഹുലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ഹാജരായത്. മഹാത്മാ ഗാന്ധി വധത്തില്‍ ആര്‍എസ്എസ് എന്ന സംഘടനയെയല്ല രാഹുല്‍ വിമര്‍ശിച്ചതെന്നും ആര്‍എസ്എസുമായി ബന്ധപ്പെട്ട ചിലരെ കുറിച്ചാണെന്നും അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചു. രാഹുലിന്റെ വിശദീകരണത്തില്‍ ഹര്‍ജിക്കാരന്റെ നിലപാട് ആരാഞ്ഞെങ്കിലും കേസ് നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗാന്ധി വധത്തില്‍ രാഹുല്‍ ആര്‍എസ്എസിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് ബോധ്യമായതായും കേസ് പരിഗണിക്കുന്ന സെപ്റ്റംബര്‍ ഒന്നിന് ഹര്‍ജി തള്ളുമെന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ആര്‍എസ്എസുകാര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. മഹാത്മാ ഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാരാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ കേസ് പരിഗണിച്ചപ്പോള്‍ ഖേദം രേഖപ്പെടുത്തി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന കോടതിയുടെ നിര്‍ദേശം രാഹുല്‍ തള്ളിയിരുന്നു. കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന നിലപാടാണ് അന്നും രാഹുല്‍ സ്വീകരിച്ചത്.