കേരളത്തില്‍ നിന്ന് കാണാതായ കുടുംബങ്ങളെ വിദേശത്തേക്ക് കടത്തിയ സംഘത്തില്‍ മുംബൈ സ്വദേശി റിസ്വാനും ഉള്‍പ്പെട്ടു; ഇയാള്‍ മട്ടഞ്ചേരിയിലും തിരുവനന്തപുരത്തും താമസിച്ചു; കാണാതായ 16 പേരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ കുടുംബങ്ങളെ വിദേശത്തേക്ക് കടത്തിയ സംഘത്തില്‍ മുംബൈ സ്വദേശിയായ റിസ്വാനും ഉള്‍പ്പെട്ടതായി പൊലീസിന് സൂചന ലഭിച്ചു. മതം മാറിയ ശേഷം പാലക്കാടു നിന്നും കാസര്‍കോഡ് നിന്നുമാണ് കുടുംബങ്ങള്‍ അപ്രത്യക്ഷമായത്. മുംബൈ സ്വദേശി റിസ്വാന്‍ മട്ടാഞ്ചേരിയിലും തിരുവനന്തപുരത്തും തങ്ങിയത് പത്തുവര്‍ഷത്തോളമാണ്. വിദേശത്തേക്ക് കടന്ന 16 യുവതീയുവാക്കളില്‍ അഞ്ചു പേരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ ഖുറേഷിയടക്കം മുന്ന് പേരുടെ വിവരങ്ങള്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ വിദേശത്തേക്ക് കടന്ന യുവാക്കളുമായുള്ള ബന്ധം അര്‍ഷി നിഷേധിക്കുകയാണ്. മതം മാറാന്‍ മാത്രമാണ് താന്‍ സഹായിച്ചതെന്നാണ് അര്‍ഷി പറയുന്നതെങ്കിലും എല്ലാവരേയും ഇറാനിലേക്ക് കടത്തിയത് അര്‍ഷിയാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
ബാംഗ്ലൂര്‍ വിമാനത്താവളം വഴി സന്ദര്‍ശക വിസയിലാണ് കടത്തിയതെന്നും പോലീസ് പറയുന്നു. വിദേശത്തേക്ക് കടന്നിട്ടുള്ള എല്ലാവരും സുരക്ഷിതരാണോ എന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. അതേസമയം അവര്‍ ഏതുരാജ്യത്താണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗസ്റ്റ് റിലേഷന്‍ ഓഫീസറാണു ഖുറേഷി. ഇയാളുടെ അടുത്ത അനുയായിയാണു റിസ്വാന്‍ഖാന്‍. പെണ്‍കുട്ടികളെ മതം മാറ്റാനും വിവാഹം കഴിപ്പിക്കാനും പ്രവര്‍ത്തിച്ചിരുന്നത് റിസ്വാന്‍ ഖാനായിരുന്നു.
മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു സഹോദരന്‍ എബിന്‍ ജേക്കബ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ആര്‍ഷി ഖുറേഷിയെയും ഇയാളുടെ അനുയായി റിസ്വാന്‍ ഖാനെയും മുംബൈയില്‍നിന്നു പോലീസ് അറസ്റ്റു ചെയ്തത്. മലയാളികളെ ഇസ്ലാമിക് സ്റ്റേറ്റിലേക്കു (ഐഎസ്) റിക്രൂട്ട് ചെയ്തെന്ന കേസില്‍ അറസ്റ്റിലായ ആര്‍ഷി ഖുറേഷിക്കു കേരളവുമായി ബന്ധമുണ്ടെന്നു തെളിയിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയതായി നേരത്തേ പോലീസ് വ്യക്തമാക്കിയിരുന്നു. റിസ്വാനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.

© 2024 Live Kerala News. All Rights Reserved.