സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡിഎംകെ എംഎല്‍എമാരെ ഹൈക്കോടതിയും കൈവിട്ടു; സഭയില്‍ കയറാനാവില്ല; ഈ സമ്മേളന കാലയളവ് വരെ പുറത്ത് നില്‍ക്കണം

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്ത ഡിഎംകെ എംല്‍എമാരെ ഹൈക്കോടതിയും കൈവിട്ട അവസ്ഥയിലായി. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് 79 ഡി.എം.കെ അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. സഭാ നടപടികളില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ക്ക് ഇടക്കാല ഉത്തരവ് നല്‍കണമെന്ന എം.എല്‍.എമാരുടെ ആവശ്യവും ചീഫ് ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റീസ് ആര്‍.മഹാദേവന്‍ എന്നിവരുടെ ബഞ്ച് അംഗീകരിച്ചില്ല. ഇതോടെ പുറത്താക്കപ്പെട്ട അംഗങ്ങള്‍ക്ക് ഈ സമ്മേളന കാലയളവില്‍ സഭയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി.
അതേസമയം, ഹര്‍ജി പരിഗണിച്ച കോടതി സ്പീക്കര്‍ക്ക് നോട്ടീസ് അയച്ചു. സ്പീക്കര്‍ നോട്ടീസ് കൈപ്പറ്റാത്ത പക്ഷം സ്വകാര്യ നോട്ടീസ് നല്‍കുന്നതിനു ഡി.എം.കെ കക്ഷിനേതാവ് എം.കെ സ്റ്റാലിന്റെ അഭിഭാഷകനു കോടതി അനുമതി നല്‍കി. കോടതി സംസ്ഥാന സര്‍ക്കാരിനും നിയമസഭാ സെക്രട്ടറിക്കും നല്‍കിയ നോട്ടീസ് സര്‍ക്കാര്‍ പ്ലീഡര്‍ കൈപ്പറ്റി. സ്പീക്കര്‍ക്കെതിരെ പ്രതിഷേധിച്ചതിനാണ് ഡി.എം.കെ അംഗങ്ങളെ ഒന്നടങ്കം 17ന് സഭയില്‍ നിന്ന് പുറത്താക്കിയത്. നിരന്തരമായി നിയമസഭയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന കാരണത്തിലാണ് പ്രതിപക്ഷ അംഗങ്ങളെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.