ഓണത്തിന് വീട്ടുമുറിയിലെത്തുന്നത് പുതിയ മലയാള ചിത്രങ്ങള്‍; കമ്മട്ടിപ്പാടവും വിസ്മയവും കസബയും മഹേഷിന്റെ പ്രതികാരവും ടിവി ചാനലുകളില്‍

കൊച്ചി: ഇത്തവണ മലയാളിയുടെ വീട്ടകങ്ങളിലെത്തുന്നത് റിലീസ് ചെയ്ത് ആഴ്ച്ചകളും മാസങ്ങളുമായ പുതിയ ചിത്രങ്ങള്‍. ഏഷ്യാനെറ്റ് ആണ് ഏറ്റവും മികച്ച ഓണം പ്രിമിയര്‍ പാക്കേജുമായി എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം മനമന്ദയുടെ മലയാളം പതിപ്പ് വിസ്മയം ആണ് ഏഷ്യാനെറ്റ് ഓണനാളില്‍ പ്രദര്‍ശിപ്പിക്കുന്ന സൂപ്പര്‍താര സിനിമ. മമ്മൂട്ടി ചിത്രം കസബയാണ് ഇത്തവണ സൂര്യയുടെ തുറുപ്പുചീട്ട്. 36 ദിവസത്തോളം പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ചില തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് മിനി സ്‌ക്രീനിലെത്തുന്നത്. തിരുവോണ ദിനത്തിലാണ് സൂര്യാ ടിവി കസബ പ്രദര്‍ശിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം തിരുവോണ ദിനത്തില്‍ ഏഷ്യാനെറ്റ് സ്‌ക്രീനിലെത്തും. ദുല്‍ഖര്‍ സല്‍മാന്‍സായ് പല്ലവി കൂട്ടുകെട്ടിലുളള സമീര്‍ താഹിര്‍ ചിത്രം കലി, പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ എന്ന് നിന്റെ മൊയ്തീന്‍, നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു, മമ്മൂട്ടിയുടെ പത്തേമാരി, ദിലീപ് ചിത്രം ടു കണ്‍ട്രീസ്, യുവതാരങ്ങളുടെ അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളും നാല് ദിവസങ്ങളിലായി ഏഷ്യാനെറ്റ് പ്രദര്‍ശിപ്പിക്കും.

ഏഷ്യാനെറ്റും കൈരളിയും സംയുക്തമായാണ് എന്ന് നിന്റെ മൊയ്തീന്‍,പത്തേമാരി എന്നീ ചിത്രങ്ങളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്നത്. ഇതേ ചിത്രങ്ങള്‍ ഓണദിനങ്ങളില്‍ കൈരളിയിലും കാണാം. റെക്കോര്‍ഡ് സാറ്റലൈറ്റ് അവകാശം നല്‍കി ഏഷ്യാനെറ്റും കൈരളിയും ചേര്‍ന്ന് സ്വന്തമാക്കിയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. 6 കോടി 87 ലക്ഷം നല്‍കിയാണ് സംപ്രേഷണാവകാശം നേടിയത്.
കസബ എന്ന ചിത്രം തിരുവോണ നാളില്‍ സൂര്യയില്‍ കാണാം. ഇടക്കാലത്തിന് ശേഷം സൂര്യ പ്രധാന ചിത്രങ്ങളുടെ സാറ്റലൈറ്റ് സ്വന്തമാക്കിയ സീസണ്‍ കൂടിയാണ് ഇത്. ദുല്‍ഖറിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചാര്‍ളി, പൃഥ്വിരാജ് ചിത്രം പാവാട, ജയസൂര്യയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായ ഷാജഹാനും പരീക്കുട്ടിയും, ജയറാമിന്റെ ആടുപുലിയാട്ടം, പൃഥ്വിരാജിന്റെ ഡാര്‍വിന്റെ പരിണാമം എന്നീ സിനിമകളും സൂര്യയില്‍ ഓണത്തിനുണ്ടാകും. നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം, ദിലീപിന്റെ വിഷു വിജയചിത്രമായ കിംഗ് ലയര്‍, വമ്പന്‍ ഹിറ്റായി മാറിയ ഫഹദ് ഫാസില്‍ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരം എന്നിവയാണ് മഴവില്‍ മനോരമയുടെ പ്രധാന ഓണം പ്രിമിയറുകള്‍. മാധവന്‍ നായകനായ തമിഴ് ചിത്രം ഇരുദി സുട്രു, ബിജു മേനോന്റെ സോള്‍ട്ട് മാംഗോ ട്രീ എന്നീ സിനിമകളും ഓണത്തിന് മഴവില്‍ മനോരമയില്‍ കാണാം.

© 2024 Live Kerala News. All Rights Reserved.