ഹിന്ദുക്കള്‍ പ്രത്യുല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് മോഹന്‍ഭഗവത്; നരേന്ദ്രമോദി സന്തതികളെ ജനിപ്പിക്കട്ടെയെന്ന് അസംഖാന്റെ ചുട്ട മറുപടി; സന്തതികളുടെ എണ്ണം കൂട്ടിയാല്‍ കേന്ദ്രസര്‍ക്കാര്‍ ജോലി നല്‍കുമോയെന്ന് മായാവതി

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഹൈന്ദവര്‍ പ്രത്യുല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്തിന് ചുട്ട മറുപടിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുന്നു. ആര്‍എസ്എസ് നേതാവ് നാക്കു വളച്ചാല്‍ സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കാനുള്ള പ്രസ്താവനകള്‍ മാത്രമാണ് നടത്താറുള്ളതെന്ന വിമര്‍ശനവുമായിട്ടാണ് വിവിധ പാര്‍ട്ടി നേതാക്കള്‍ എത്തിയത്. ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ചൂണ്ടിയായിരുന്നു യുപി മന്ത്രി അസംഖാന്റെ വിമര്‍ശനം. മോഹന്‍ഭഗവത് ആദ്യം സ്വന്തം നേതാവിനോട് സന്തതികളെ സൃഷ്ടിക്കാന്‍ പറയണമെന്ന് അസംഖാന്‍ പറഞ്ഞു. ഹിന്ദുക്കള്‍ സന്തതികളുടെ എണ്ണം കൂട്ടിയാല്‍ ബിജെപി സര്‍ക്കാര്‍ അവര്‍ക്ക് ജോലി നല്‍കുമോയെന്നായിരുന്നു ബിഎസ്പി നേതാവ് മായാവതി ചോദിച്ചത്. എപ്പോഴും മതത്തെ മാത്രം കൂട്ടുപിടിക്കുന്ന ഭഗവത് ഇതല്ലാതെ വേറെന്ത് പറയാന്‍ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം. എല്ലാ പ്രസ്താവനകളിലും വര്‍ഗ്ഗീയത പരത്താറുള്ള ഭഗവത് തൊഴിലില്ലായ്മയെ കുറിച്ചും വിലവര്‍ദ്ധനവിനെ കുറിച്ചും ഒരിക്കലും പറയില്ലെന്നും പറഞ്ഞു. ആഗ്രയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു മോഹന്‍ ഭഗവത് ഇക്കാര്യം പറഞ്ഞത്. മറ്റു മതക്കാര്‍ കൂടുതല്‍ സന്തതികളെ സൃഷ്ടിക്കുമ്പോള്‍ ഹിന്ദുക്കള്‍ എന്തിന് ചെയ്യാതിരിക്കണമെന്നും അവര്‍ ഏറ്റവും കുറവാണെന്നിരിക്കെ ജനസംഖ്യ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.