അവര്‍ക്ക് സിന്ധുവിന്റെ ജാതി അറിഞ്ഞാല്‍ മതി; ബാഡ്മിന്റണ്‍ താരത്തിന്റെ ജാതി അന്വേഷിച്ച് ഗൂഗിള്‍ സെര്‍ച്ചില്‍ ഇന്ത്യക്കാരുടെ ജാതീയ നീക്കങ്ങള്‍

ന്യൂഡല്‍ഹി: ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിനില്‍ തിരഞ്ഞാല്‍ പ്രമുഖരുടെ വിവരങ്ങള്‍ ഏറെക്കുറെ ലഭ്യമാകും. റിയോ ഒളിംപിക്സില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ പി.വി സിന്ധുവിന്റെ ജാതി അന്വേഷിച്ച് ഗൂഗിള്‍ സെര്‍ച്ച് നടത്തിയത് ലക്ഷക്കണക്കിനാളുകളാണ്. ഗൂഗിള്‍ സ്റ്റാറ്റിറ്റിക്സ് റിപ്പോര്‍ട്ടിലാണ് സിന്ധുവിന്റെ ജാതി തെരഞ്ഞു കൊണ്ടുള്ള അന്വേഷണം നടന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഗൂഗിളില്‍ പി.വി സിന്ധു എന്ന് ടൈപ്പ് ചെയ്താല്‍ ആദ്യം ലഭിക്കുന്ന നാല് സെര്‍ച്ച് റിസള്‍ട്ടുകളിലൊന്ന് പി.വി സിന്ധു കാസ്റ്റ് എന്നാണിപ്പോള്‍. അപ്പോഴറിയാം എത്രത്തോളം ജാതിവെറിയന്‍മാരാണ് ഇന്ത്യക്കാരെന്ന്. സിന്ധു ഒളിംപിക്സിനായി പരിശീലനം തുടങ്ങിയപ്പോള്‍ മുതല്‍ അവരുടെ ജാതി അന്വേഷിച്ചു കൊണ്ടുള്ള ഗൂഗിള്‍ സെര്‍ച്ച് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സെര്‍ച്ചിന്റെ എണ്ണം ഇരട്ടിയിലധികമായി വര്‍ധിക്കുകയും ഫൈനല്‍ മത്സരം നടന്ന ഇന്നലെ അത് പരമാവധി വര്‍ധിക്കുകയും ചെയ്തു. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സെര്‍ച്ച് റിസള്‍ട്ട് പുറത്ത് വന്നപ്പോള്‍ 150,000 പേരാണ് പി.വി സിന്ധുവിന്റെ ജാതി അന്വേഷിച്ച് ഗൂഗിളില്‍ ഉറക്കമിളച്ച് തെരഞ്ഞത്.ജൂലൈയില്‍ 90,000 പേരും ഇതേ കാര്യത്തിന് സെര്‍ച്ച് എഞ്ചിന്‍ പരിശോധിച്ചു. ഓഗസ്റ്റില്‍ സിന്ധുവിന്റെ ജാതി അന്വേഷിച്ചുള്ള സെര്‍ച്ച് മുന്‍ മാസങ്ങളിലേക്കാള്‍ പത്തിരട്ടി വര്‍ധിച്ചുവെന്നതാണ് ഗൗരവതരമായി കാണേണ്ടത്. സിന്ധുവിന് പുറമെ അവരുടെ പരിശീലകന്‍ പുല്ലേല ഗോപിചന്ദിന്റെ ജാതി അന്വേഷിച്ചു കൊണ്ടുള്ള സെര്‍ച്ചും ഗൂഗിളില്‍ പോപ്പുലറാണ്താനും. സിന്ധുവിന്റെ വിദ്യാഭ്യാസം, മാതാപിതാക്കള്‍, ബാഡ്മിന്റണ്‍ വിവരങ്ങള്‍ ഇതൊന്നുമല്ല ഇന്ത്യക്കാര്‍ക്ക് അറിയേണ്ടതെന്ന് വ്യക്തം.

© 2024 Live Kerala News. All Rights Reserved.