ജീവിതാവകാശത്തിന് വേണ്ടി ഗുജറാത്തിലെ അരലക്ഷം ദളിതര്‍ ബുദ്ധമതം സ്വീകരിക്കുന്നു; അഞ്ച് മഹാദളിത് റാലികള്‍ ഉടന്‍

അഹമ്മദാബാദ്: മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവകാശം നിഷേധിച്ച ഗുജറാത്തിലെ ദളിതര്‍ മാസങ്ങളായി പ്രക്ഷോഭത്തിന്റെ പാതയിലാണ്. സവര്‍ണ്ണ-സംഘ്പരിവാര്‍ തിട്ടൂരങ്ങള്‍ക്ക് മുമ്പില്‍ അടിയറവ് പറയില്ലെന്ന ഉറച്ച നിശ്ചയ ദാര്‍ഢ്യത്തിലാണ് ദളിതര്‍ ബുദ്ധമതം സ്വീകരിക്കുന്നത്.
ചത്ത പശുവിന്റെ തോല് നീക്കം ചെയ്തതിന് ഉനയില്‍ ദളിതരെ മര്‍ദ്ദിച്ചതിനെതിരാല മഹാറാലിക്ക് പിന്നാലെയാണ് മതപരിവര്‍ത്തന തീരുമാനം. ഹിന്ദു മതത്തിലെ ജാതിവിവേചനത്തില്‍ പ്രതിഷേധിച്ച് ബുദ്ധമതം സ്വീകരിച്ച അംബേദ്കറുടെ പാത് പിന്തുര്‍ന്നാണ് മതം മാറാനുള്ള തീരുമാനം വിവിധ ദളിത് സംഘടനകള്‍ എടുത്തത്. ഡിസംബറിന് മുമ്പ് ബുദ്ധമതം സ്വീകരിക്കാനാണ് തീരുമാനം. അതിന് മുന്നോടിയായി ഗുജറാത്തില്‍ അഞ്ച് മഹാദളിത് റാലികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത് ദളിത് സങ്കതന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധവും മതം മാറ്റവും ആസുത്രണം ചെയ്യുന്നത്. രാജ്കോട്ട്, അഹമ്മദാബാദ്, വഡോദര, പലന്‍പൂര്‍ എന്നിവടങ്ങളിലാകും മഹാദളിത് റാലികള്‍ നടക്കുക. ഇതേക്കൂടാതെ ഗുജറാത്തിലെ അമ്റേലി ജില്ലയില്‍ ദളിത് റൈറ്റ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 11,000 ദളിതരെ ബുദ്ധമതത്തിലേക്ക് സ്വീകരിക്കാന്‍ മറ്റൊരു ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ദളിതരെ ആകര്‍ഷിക്കാന്‍ മുസ്ലിം മതപണ്ഠിതരും ക്രിസ്ത്യന്‍മിഷണറിമാരും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി സ്വമതത്തിലേക്ക് ക്ഷണിച്ചെങ്കിലും അതെല്ലാം ഒഴിവാക്കിയാണിവര്‍ അംബേദ്കറിന്റെ പാത പിന്തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.