ശസ്ത്രക്രിയക്കിടെ ഉപകരണം വയറിനകത്ത് മറന്നുവച്ചു; മെഡിക്കല്‍ കോളജില്‍ മറ്റൊരു ശസ്ത്രക്രിയ നടത്തി യുവതിയുടെ വയറ്റില്‍ നിന്ന് ക്ലിപ്പ് പുറത്തെടുത്തു

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയശേഷം ഉപകരണം യുവതിയുടെ വയറ്റില്‍ മറന്നുവച്ചു. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായി നെടുമങ്ങാട് സ്വദേശിനിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ഉപകരണം ഡോക്ടര്‍മാര്‍ മറന്നുവന്നത്. ഇന്നലെ രാവിലെ ശസ്ത്രക്രിയയ്ക്കു ശേഷം വയര്‍ തുന്നിക്കെട്ടുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയില്‍ ഒരു ഉപകരണത്തിന്റെ കുറവ് കണ്ടെത്തിയതോടെ സംശയം തോന്നിയ ഡോക്ടര്‍മാര്‍ യുവതിയുടെ എക്‌സറേ എടുത്തുനോക്കിയപ്പോഴാണ് ഉപകരണം വയറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഇന്നലെ വൈകിട്ട് അടിയന്തിരമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് ഉപകരണം നീക്കം ചെയ്തത്. അപകട നില തരണം ചെയ്ത യുവതി ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ നടത്തുന്ന സമയത്ത് ഉപയോഗിക്കുന്ന ക്ലിപ്പിന്റെ ഒരു ഭാഗമാണ് വയറിനുള്ളില്‍ കുടുങ്ങിയത്. ക്ലിപ്പ് ശസ്ത്രക്രിയയ്ക്കിടെ ഒടിഞ്ഞുപോയതാണെന്ന് കരുതുന്നു. ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും ആശുപത്രി അധികൃതര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാവാത്തതില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.

© 2024 Live Kerala News. All Rights Reserved.