രാജ്യത്തെ കര്‍ഷക ആത്മഹത്യയില്‍ വന്‍ വര്‍ധന; കഴിഞ്ഞ വര്‍ഷം മരിച്ചത് 8000 കര്‍ഷകര്‍; മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2014ല്‍ 5,650 കര്‍ഷകരാണ് ആത്മഹത്യ ചെയ്തിരുന്നതെങ്കില്‍ 2015ലെത്തിയപ്പോള്‍ ഇത് 8000 ആയി കുത്തനെ വര്‍ധിച്ചു. 2014 അപേക്ഷിച്ച് 40ശതമാനം കൂടുതല്‍ കര്‍ഷക ആത്മഹത്യകളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്. 2014 ല്‍ 2,568 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ മാത്രം ആത്മഹത്യ ചെയ്തത്. എന്നാല്‍ 2015 ല്‍ 18 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3,030 പേരാണ് ആത്മഹത്യ ചെയ്തത്.

തെലങ്കാനയില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 1,350 കര്‍ഷകരാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നൂറിലധികം കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തു. അതേസമയം, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ 400 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.
വരള്‍ച്ചയും കൃഷിനാശവും സാമ്പത്തിക പ്രതിസന്ധിയുമാണ് കര്‍ഷക ആത്മഹത്യയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സര്‍ക്കാറിന്റെ യാതൊരു കൈത്താങ്ങുമില്ലാത്തതാണ് കര്‍ഷകര്‍ക്ക് വിനയാകുന്നത്.

© 2024 Live Kerala News. All Rights Reserved.