ചൈനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ നരേന്ദ്രമോഡിയും ഒബാമയും ചര്‍ച്ച നടത്തും; ഇരുവരും തമ്മിലുള്ള എട്ടാമത്തെ കൂടിക്കാഴ്ച്ചയായിരിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ള എട്ടാമത്തെ കൂടിക്കാഴ്ച്ച ചൈനയില്‍ നടക്കും. ചൈനയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയില്‍ യു.എസ് പ്രസിഡന്റ ബരാക് ഒബാമ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്കിടെയാവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയേക്കുക. 2009 ജനുവരിയില്‍ ഒബാമ യു.എസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയ ശേഷം നടത്തുന്ന പതിനൊന്നാമത്തെ ഏഷ്യന്‍ പര്യടനമാണിതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു. ഇതിനകം രണ്ടു തവണ ഒബാമ ഇന്ത്യയിലെത്തിയിരുന്നു. 2010 നവംബറിലും 2015 ജനുവരിയിലും. 2014 മേയില്‍ മോഡി അധികാരമേറ്റ ശേഷം നടക്കുന്ന എട്ടാമത് കൂടിക്കാഴ്ച്ചയാവുമിത്. ജൂണില്‍ മോഡിയും ഒബാമയും നടത്തിയ സംയുക്ത വൈറ്റ് ഹൗസ് വാര്‍ത്താസമ്മേളനത്തില്‍ സെപ്തംബറില്‍ ചൈനയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നു. അതേസമയം, ഇരുവരുടെയും കൂടിക്കാഴ്ച സംബന്ധിച്ച് വൈറ്റ് ഹൗസ് ഔദ്യോഗിക വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല. ഏഷ്യ പസഫിക് മേഖലയില്‍ അമേരിക്കയുടെ സാമ്പത്തിക നേതൃത്വം ഉറപ്പിക്കുന്നതിനായി ഒബാമയുടെ പരിശ്രമമെന്നാണ് വിവരം. ഒബാമയും നരേന്ദ്രമോഡിയും ചൈനയില്‍ വച്ച് ചര്‍ച്ച നടത്തും.

© 2024 Live Kerala News. All Rights Reserved.