ഗബ്രിയേല്‍ മരിയന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെ 25 എടിഎമ്മുകളില്‍ നിന്നും പണം കവര്‍ന്നു; തെളിവെടുപ്പ് തുടരുന്നു; വന്‍കിട ഹോട്ടലുകളില്‍ താമസിച്ചായിരുന്നു കൊള്ള

മുംബൈ: തിരുവനന്തപുരത്തെ എടിഎം കവര്‍ച്ചകേസിലെ പ്രതി റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്റെ നേതൃത്വത്തില്‍ മുംബൈയിലെ വിവിധ കേന്ദ്രങ്ങളില്‍ 25 എടിഎമ്മുകളില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്നതായി പൊലീസ്. ഇയാളെ മുംബൈയില്‍ തെളിവെടുപ്പ് തുടരുകയാണ്. ബിയേല്‍ ഈ മാസമാദ്യം താമസിച്ചിരുന്ന ദക്ഷിണ മുംബൈ കഫ് പരേഡിലെ ബ്ലൂ ബേര്‍ഡ് ഹോട്ടലിലും ഏതാനും എടിഎമ്മുകളിലും അവയോട് അനുബന്ധിച്ച ബാങ്കുകളിലുമായിരുന്നു തെളിവെടുപ്പ്. ശേഷിച്ച എടിഎമ്മുകളില്‍ ഇന്നും തളിവെടുപ്പു നടത്തും. മുംബൈയിലെ 25 എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചതായാണു ഗബ്രിയേല്‍ മരിയന്റെ മൊഴി. ഏതാനും എടിഎമ്മുകളില്‍ നിന്ന് ഗബ്രിയേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കഫ് പരേഡിലെ ബ്ലൂ ബേര്‍ഡ് ഹോട്ടലില്‍ ഗബ്രിയേലിനൊപ്പം മറ്റൊരാളും താമസിച്ചിരുന്നതായാണു ഹോട്ടല്‍ അധികൃതര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് ഗബ്രിയേലിന്റെ സംഘത്തില്‍പ്പെട്ടയാളാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അഞ്ചംഗസംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുംബൈയില്‍ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന തുടരുന്നത്. ഇത് കൂടാതെയാണ് ചെന്നൈയിലേക്ക് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മുംബൈയിലെ എടിഎമ്മില്‍ നിന്നും നൂറ് രൂപ പിന്‍വലിച്ച് മടങ്ങുന്നതിനിടെ പൊലീസ് ഗബ്രിയേലിനെ പിടികൂടുകയായിരുന്നു.തിരുവനന്തപുരത്ത് എടിഎം കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തിയതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മൂന്നു വിദേശികള്‍ ചേര്‍ന്നു പിന്‍നമ്പര്‍ ചോര്‍ത്താനുള്ള ക്യാമറ സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍ എടിഎമ്മിലെ സിസിടിവില്‍ പതിഞ്ഞിരുന്നു.എസ്ബിഐ, എസ്ബിടി, ഐഡിബിഐ ബാങ്കുകളുടെ വിവിധ ശാഖകളില്‍ നിന്ന് ലക്ഷങ്ങളാണ് സംഘം കവര്‍ന്നത്. വെള്ളയമ്പലം ആല്‍ത്തറ എസ്ബിഐ ശാഖയോടു ചേര്‍ന്ന എടിഎം കൗണ്ടറില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണവും പൊലീസ് കണ്ടെടുത്തിരുന്നു. എടിഎം മെഷീനില്‍ വ്യാജ സ്ലോട്ട് (എടിഎം കാര്‍ഡ് സവൈപ് ചെയ്യുന്ന സ്ഥലം) ഘടിപ്പിച്ചാണ് പണം പിന്‍വലിക്കാനെത്തിയവരുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍ പൊലീസിനു മൊഴി നല്‍കി.

© 2024 Live Kerala News. All Rights Reserved.