ഡിഎംകെ നേതാവ് എംകെ സ്റ്റാന്‍ലിന്‍ ഉള്‍പ്പെടെ 89 പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍; തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷം

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നിരന്തരമായി സഭാനടപടികള്‍ തടസ്സപ്പെടുത്തുകയാണെന്നാരോപിച്ച് ഡിഎംകെ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ എംകെ സ്‌റാലിന്‍ ഉള്‍പ്പെടെ 89 പ്രതിപക്ഷ എംഎല്‍എമാരെ തമിഴ്‌നാട് നിയമസഭയില്‍ നിന്നും സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ഡിഎംകെയുടെ മുഴുവന്‍ എംഎല്‍എമാരേയുമാണ് അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താക്കിയത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെതിരെ ഒരു എഐഎഡിഎംകെ എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശത്തെച്ചൊല്ലിയാണ് ഡിഎംകെ എംഎല്‍എമാര്‍ സഭയില്‍ ബഹളം വെച്ചത്. തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ ഡിഎംകെ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മീപമെത്തി ബഹളം വെച്ചു. സീറ്റിലേക്ക് മടങ്ങാന്‍ ആവര്‍ത്തിച്ച് സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും അംഗങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സ്പീക്കര്‍ സുരക്ഷാജീവനക്കാരെ വിളിച്ച് ബലംപ്രയോഗിച്ച് ഇവരെ പുറത്താക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും അവര്‍ ജനപ്രതിനിധികളാണെന്ന കാര്യം മറക്കരുതെന്നും ഡിഎംകെ വക്താവ് മനു രാജ സുന്ദരം വ്യക്തമാക്കി. തങ്ങള്‍ ജനാധിപത്യരീതിയിലാണ് സമരം ചെയ്തതെന്നും ഇവര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.