എടിഎം കവര്‍ച്ചയ്ക്ക് പിന്നാലെ വ്യാജ ക്രെഡിറ്റ് കാര്‍ഡിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്; ആറുപേര്‍ പിടിയില്‍; സംഘം ദുബൈയില്‍ നിന്ന് നൂറിലധികം പേരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി

കോഴിക്കോട്: മുംബൈ കേന്ദ്രീകരിച്ച് നടക്കുന്ന എടിഎം തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് വ്യാജ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും ലക്ഷങ്ങള്‍ കവര്‍ന്ന സംഘത്തിലെആറുപേര്‍ പിടിയില്‍. ബാങ്ക് അക്കൗണ്ടില്‍ നിന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി ഉള്‍പ്പെടെ ആറു പേര്‍ പുണെയിലും കാസര്‍കോടുമായി പിടിയില്‍. കാസര്‍കോട് തളങ്കര സ്വദേശി നൂഐമാന്‍ (24), കര്‍ണാടക വിട്ല സ്വദേശികളായ ബി.ബഷീര്‍, എന്‍.ഹംസ എന്നിവര്‍ കാസര്‍കോട്ടുമാണു പിടിയിലായത്. ഒരു പുനെ സ്വദേശിയും പിടിയിലായിട്ടുണ്ട്. പിടിയിലായ സംഘത്തിന്റെ പക്കല്‍ നിന്നു വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മാണയന്ത്രം, ക്രെഡിറ്റ് കാര്‍ഡ് സൈ്വപ്പിങ് മെഷീന്‍, നൂറിലേറെ വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍, വാഹനം എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തില്‍പ്പെട്ട മുഹമ്മദ് സാബിദ് (29) കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. ദുബൈയില്‍ ജോലി ചെയ്തിരുന്ന നുഐമാന്റെ നേതൃത്വത്തിലാണു തട്ടിപ്പു നടത്തിയതെന്നാണു പൊലീസിനു ലഭിച്ച വിവരം. ദുബൈയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നതിനിടെ നൂറിലേറെ ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തുകയായിരുന്നു. ഒട്ടേറെ മലയാളികളുടെ കാര്‍ഡ് വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റിലെ കാര്‍ഡ് സൈ്വപ് മെഷീനുമായി ബന്ധിപ്പിച്ചു മറ്റൊരു മെഷീന്‍ സ്ഥാപിച്ചാണ് ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇടപാടുകാര്‍ സാധനങ്ങള്‍ വാങ്ങിയശേഷം യഥാര്‍ഥ മെഷീനില്‍ കാര്‍ഡ് സൈ്വപ് ചെയ്യുമ്പോള്‍ അതിലെ വിവരങ്ങള്‍ രണ്ടാമത്തെ മെഷീനിലേക്കു കൂടി പകര്‍ത്തപ്പെടും. ഇങ്ങനെയാണ് സംഘം വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ വിവരങ്ങള്‍ ഉപയോഗിച്ചു വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കി. ‘ഡിസ്‌കവര്‍’ എന്ന പേരില്‍, യുഎസിലെ സ്വകാര്യ ബാങ്കിന്റേതെന്ന വ്യാജേനയുള്ള കാര്‍ഡ് ആണ് ഇവര്‍ നിര്‍മിച്ചത്. ഇതുപോയഗിച്ചായിരുന്നു കവര്‍ച്ച. എടിഎം കവര്‍ച്ചാക്കേസില്‍ റുമേനിയന്‍ സ്വദേശി മരിയന്‍ ഗബ്രിയേല്‍ അറസ്റ്റിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.