ശ്രീനഗര്‍: ഐഎസ് പോലുള്ള സംഘടനകള്‍ ലോകത്തിന് തന്നെ കനത്ത ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ ഭീകരസംഘടനയായ ബുര്‍ഹാന്‍ ബ്രിഗേഡിന്റെ പിറവി. ഹിസ്ബുള്‍ മുജാഹീദ്ദീനാണ് ബുര്‍ഹാന്‍ ബ്രിഗേഡ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ഇതുസംബന്ധിച്ച വീഡിയോ ഹിസ്ബുള്‍ മുജാഹിദീന്‍ പുറത്തുവിട്ടതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി രൂപംകൊണ്ട സംഘടനയാണ് ബുര്‍ഹാന്‍ ബ്രിഗേഡ്. ഒരു കൂട്ടം ആയുധധാരികളായ ഭീകരരാണ് വീഡിയോയിലുള്ളത്. സൈനിക വേഷത്തിലാണ് ഭീകരര്‍. ദക്ഷിണകശ്മീരില്‍ ചിത്രീകരിച്ചതാണ് വീഡിയോ. എന്നാല്‍ കൃത്യമായ സ്ഥലം ഏതെന്ന് വ്യക്തമല്ല. ഭീകരരുടെ വീര്യം വര്‍ദ്ധിപ്പിക്കാന്‍ വീഡിയോയില്‍ പശ്ചാത്തലത്തില്‍ ഒരു പാട്ടും വെച്ചിട്ടുണ്ട്. നേരത്തെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മറ്റൊരു വീഡിയോ പുറത്തുവിട്ടിരുന്നു. അതില്‍ ദക്ഷിണ കശ്മീരില്‍ നിന്നും ശ്രീനഗറില്‍ നിന്നും പുതുതായി റിക്രൂട്ട് ചെയ്ത ആണ്‍കുട്ടികളെയാണ് കാണിച്ചിരുന്നത്. ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വധിച്ചെങ്കിലും കശ്മീരിലെ യുവാക്കളുടെ മനസില്‍ വാനി എപ്പോഴും ജീവിക്കണമെന്നതാണ് ഹിസ്ബുളിന്റെയും മറ്റ് ഭീകരസംഘനകളുടെയും ആവശ്യം. ജൂലൈ എട്ടിനാണ് ദക്ഷിണ കശ്മീരിലെ വനത്തോട് ചേര്‍ന്ന ഗ്രാമമായ കോക്കര്‍നാഗില്‍ വെച്ച് വാനി കൊല്ലപ്പെട്ടത്. സ്വന്തം ആയുധങ്ങളുള്ള, വിദ്യാഭ്യാസവും മെച്ചപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള ആണ്‍കുട്ടികളും ബുര്‍ഹാന്‍ ബ്രിഗേഡില്‍ അംഗങ്ങളാണ്. കശ്മീര്‍ താഴ്‌വരയില്‍ നിന്ന് അമ്പതോളം യുവാക്കളെയാണ് കാണാതായതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. കശ്മീരില്‍ രക്തച്ചൊരിച്ചിലിനായുള്ള പാകിസ്ഥാന്റെ തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ ഭീകസംഘടനയെന്നാണ് നിരീക്ഷണം.