ചെന്നൈ: സേലം-ചെന്നൈ എക്‌സ്പ്രസിലെ കൊള്ളയ്ക്കു പിന്നില്‍ വമ്പന്‍മാരെന്ന് പൊലീസിന് വിവരം ലഭിച്ചു. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെയടക്കം 15 പേരെ ഇതുവരെ ചോദ്യം ചെയ്തുകഴിഞ്ഞു. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. ഓടുന്ന ട്രെയിനില്‍ ആസൂത്രിതമായ കവര്‍ച്ച നടത്താന്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യമായ സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. എത്ര പണം ഏതൊക്കെ പെട്ടിയില്‍ കോച്ചിന്റെ ഏതൊക്കെ ഭാഗത്തു സൂക്ഷിച്ചു എന്നതു സംബന്ധിച്ചു നിര്‍ണായ വിവരങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കവര്‍ച്ചക്കാര്‍ക്കു കൈമാറിയതായി സൂചന ലഭിച്ചു.
അതിനിടെ, കവര്‍ച്ചയുമായി ബന്ധപ്പെട്ടു നാലു പോര്‍ട്ടര്‍മാരെ കസ്റ്റഡിയിലെടുത്തു. സേലത്ത് നിന്നു 226 പെട്ടികളിലായി 342 കോടി രൂപ ട്രെയിനില്‍ കയറ്റാന്‍ നേതൃത്വം നല്‍കിയ പോര്‍ട്ടമാരാണു പിടിയിലായത്. കവര്‍ച്ചയുമായി ഇവര്‍ക്ക് എന്തു ബന്ധമാണുള്ളതെന്നു വ്യക്തമായിട്ടില്ല. ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന സേലം- വിരുതാജലം റൂട്ടിലാണു കൊള്ള നടന്നതെന്ന് പൊലീസ് നിഗമനം. ഈ റൂട്ടിലെ ചില സിഗ്‌നലുകളില്‍ അര മണിക്കൂറിലധികം ട്രെയിന്‍ പിടിച്ചിട്ടിരുന്നു. ഈ സമയം കവര്‍ച്ച നടന്നിട്ടുണ്ടാകാമെന്നാണു നിഗമനം. സേലത്തുനിന്നു ചെന്നൈയിലെ റിസര്‍വ് ബാങ്ക് റീജനല്‍ ഓഫിസിലേക്കു ട്രെയിനില്‍ കൊണ്ടുവന്ന പഴയ നോട്ടുകെട്ടുകളാണു കൊള്ളയടിച്ചത്. സേലം- ചെന്നൈ എക്‌സ്പ്രസിലെ (11064) മൂന്നു പ്രത്യേക പാഴ്‌സല്‍ വാനുകളില്‍ ഒന്നിന്റെ മുകള്‍ഭാഗത്തു രണ്ടടി ദ്വാരമുണ്ടാക്കിയാണു പണം കവര്‍ച്ച ചെയ്തത്. 342 കോടി രൂപയാണു ആകെയുണ്ടായിരുന്നത്. ഇതില്‍ 5.78 കോടി രൂപയാണ് കൊള്ളയടിച്ചത്.