ചെന്നൈ: തെന്നിന്ത്യന്‍ താരം തൃഷയെ മാനേജര്‍ കബളിപ്പിച്ചെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ നായകി എന്ന ചിത്രമാണ് തൃഷയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയത് നിര്‍മ്മാതാവായ മാനേജറാണെന്ന് പറയപ്പെടുന്നത്. ഗോവര്‍ദ്ധന്‍ റെഡ്ഡി സംവിധാനം ചെയ്ത നായകിയുടെ നിര്‍മ്മാതാവ് തൃഷയുടെ മാനേജരായിരുന്നു. മോശം തിരക്കഥ ആയിരുന്നിട്ടു കൂടി മാനേജരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് തൃഷ നായകിയില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശമാണ് തൃഷ പ്രതിഫലമായി ചോദിച്ചത്. എന്നാല്‍ കൂടുതല്‍ ലാഭം തെലുങ്കിലൂടെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തെലുങ്ക് ഡിസ്ട്രിബ്യൂഷന്‍ തൃഷയ്ക്ക് നല്‍കി. എന്നാല്‍ ചിത്രം തെലുങ്ക് ബോക്‌സോഫീസില്‍ എട്ട് നിലയില്‍ പൊട്ടി. നിര്‍മ്മാതാവിനെ കാര്യമായി ബാധിച്ചില്ലെങ്കിലും തൃഷയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ വന്നത്. അതേസമയം നിര്‍മ്മാതാവ് തന്നെ വിതരണം ചെയ്ത തമിഴ്‌നാട്ടില്‍ നിന്നും ചിത്രം ഭേദപ്പെട്ട കളക്ഷന്‍ നേടി. ഇതിന് പിന്നില്‍ മാനേജര്‍ ആണെന്ന് തൃഷ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് വിവരം.