കെഎം മാണി യുഡിഎഫ് വിട്ടത് വ്യക്തമായ കാരണം പറയാതെ; മാണിയെയോ പാര്‍ട്ടിയെയോ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല; ബാര്‍ കോഴക്കേസില്‍ മാണിയെ സംരക്ഷിക്കുന്ന നയമാണ് കോണ്‍ഗ്രസ്‌ സ്വീകരിച്ചിരുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുന്നണി വിടാനുള്ള തീരുമാനം വ്യക്തമായ കാരണങ്ങളില്ലാതെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിലെ എല്ലാ കക്ഷികള്‍ക്കും തുല്യ പരിഗണന നല്‍കിക്കൊണ്ടുള്ള സമീപനമാണ് കോണ്‍ഗ്രസ് തുടര്‍ന്നുപോരുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. മാണി വിട്ടുപോകുകയാണെന്ന തീരുമാനം വരുന്നതുവരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചട്ടില്ല. മുന്നണി വിടുന്നെന്ന വാര്‍ത്ത അറിഞ്ഞതു പത്രങ്ങളിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.മാണിയുടെ ആരോപണങ്ങള്‍ ചെന്നിത്തല തള്ളി. ആരോപണങ്ങള്‍ ദുരുദ്ദേശപരമാണ്. മാണിക്കെതിരെ ആരും ഗൂഢാലോചന നടത്തിയിട്ടില്ല. മാണിയെയോ പാര്‍ട്ടിയെയോ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല. ബാര്‍ കോഴക്കേസില്‍ മാണിയെ സംരക്ഷിക്കുന്ന നയമാണു കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ചിരുന്നതെന്ന് ചെന്നിത്തല.

അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ ബാര്‍ കോഴക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഒരു കത്തു നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ക്വിക്ക് വേരിഫിക്കേഷന് ഉത്തരവിട്ടു. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടാന്‍ താന്‍ എതിര്‍ക്കുന്നത് എങ്ങനെ? വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടില്ല. ആരെയെങ്കിലും കുടുക്കാനോ ഒഴിവാക്കാനോ ശ്രമിച്ചിട്ടില്ല. അഴിമതിക്കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണു സ്വീകരിച്ചത്. മാണി നിര്‍ദോഷിയാണെന്ന നിലപാടാണു താനെടുത്തത്. വിജിലന്‍സ് മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടാണു തയാറാക്കിയത്.

© 2024 Live Kerala News. All Rights Reserved.