തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും ആഭരണങ്ങളും രത്‌നങ്ങളും മോഷണംപോയ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ക്ഷേത്രഭരണസമിതി യോഗം തീരുമാനിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍നിന്ന് ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന ആഭരണങ്ങളും രത്‌നങ്ങളും മോഷണംപോയതായി ഉദ്യോഗസ്ഥരാരും ക്ഷേത്ര ഭരണസമിതിയെ അറിയിച്ചിട്ടില്ല. കോടിക്കണക്കിനു രൂപയുടെ മുതലുകള്‍ നഷ്ടപ്പെട്ടുവെന്ന് ആരോപണം വന്നതിനു പിന്നാലെ ചേര്‍ന്ന യോഗത്തിലാണ് ഭരണസമിതി സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
2015 ഡിസംബര്‍ 17നാണ് ഉപാര്‍ണം നരസിംഹംകുമാര്‍ പെരിയനമ്പിയുടെ കാലാവധി അവസാനിച്ചത്. ചുമതല കൈമാറുന്നതിനു മുന്നോടിയായി ശ്രീകോവിലിനുള്ളിലെ മുതലുകളെ സംബന്ധിച്ച് എന്തെങ്കിലും കണക്കെടുപ്പ് നടത്തിയതായി അറിയില്ല. അതിനുശേഷം ഈ നമ്പിയെ രണ്ടുമാസം കൂടി തുടരാന്‍ അനുവദിച്ചതും ഏതു സാഹചര്യത്തിലാണെന്ന് ഭരണസമിതിക്കറിയില്ല. 2015 ആഗസ്ത് 20നാണ് പഞ്ചഗവ്യത്തു നമ്പിയായി വാസുദേവന്‍ നാരായണന്‍ ചുമതലയേറ്റത്. അടുത്തുവരുന്ന ഉത്സവം വരെ മുഴുവന്‍ കാര്യങ്ങളും തന്റെ ചുമതലയില്‍ നിര്‍വഹിക്കാനുള്ള പരിചയമില്ലാത്തതിനാല്‍ പെരിയനമ്പിയുടെ സേവനം അടുത്ത ഉത്സവം വരെ നീട്ടി നല്‍കുന്നതായിരിക്കും ഉചിതമെന്ന് ഭരണസമിതി ചെയര്‍പേഴ്‌സണ്‍ മുമ്പാകെ നിവേദനം നല്‍കിയിരുന്നു. അതനുസരിച്ച് 2016 മാര്‍ച്ച് ഒന്നിന് പെരിയനമ്പിയുടെ സേവനം, വരുന്ന ഉത്സവകാലം വരെ തുടരാന്‍ അനുവദിക്കണമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ഭരണസമിതി നിര്‍ദേശം നല്‍കുകയും ചെയ്തു. പഞ്ചഗവ്യത്തു നമ്പിയുടെ ആവശ്യപ്രകാരമാണ് നരസിംഹംകുമാറിന്റെ കാലാവധി നീട്ടാന്‍ സമിതി നിര്‍ദേശം നല്‍കിയത്. 2016 ഏപ്രില്‍ 22ന് പെരിയനമ്പി നരസിംഹംകുമാര്‍ ചുമതലയൊഴിയുകയും ചെയ്തു.ഡിസംബര്‍ മുതല്‍ ഏപ്രില്‍ 22 വരെയുള്ള അഞ്ചു മാസങ്ങളില്‍ ഒരിക്കല്‍പ്പോലും ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ കണക്കെടുപ്പു നടന്നതായി അറിയില്ലെന്ന് സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.