റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ആവേശം വാനോളം ഉയരുമ്പോള്‍ റിയോയിലെ ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്ക് ഹോക്കിയില്‍ മാത്രമാണ് വിജയിക്കാനായത്. വ്യക്തിഗത-ടീം ഇനങ്ങളിലെല്ലാംതന്നെ ഇന്ത്യയ്ക്ക് കനത്ത പരാജയമായിരുന്നു. ടെന്നീസ് പുരുഷ-വനിത ഡബിള്‍സ് വിഭാഗങ്ങളിലും ഷൂട്ടിങ് വ്യക്തിഗത ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി ഏറ്റുവാങ്ങി. ഏറ്റവും അവസാനം വന്ന മത്സരഫലവും ഇന്ത്യയ്ക്ക് ശുഭകരമായില്ല. വനിതാ ഡബിള്‍സില്‍ സാനിയ-പ്രാര്‍ത്ഥന തോംബാര്‍ സഖ്യവും ആദ്യ റൗണ്ടില്‍തന്നെ പുറത്തേക്കുള്ള വഴി തുറന്നു. രണ്ടാം ദിനത്തില്‍ പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ ഇറക്കം. പതിവുപോലെ ആ പ്രതീക്ഷ ഷൂട്ടിങ് റെയ്ഞ്ചിലാണ്. ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ മെഡലുകള്‍ വെടിവെച്ചിടുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്നും ഇന്ത്യന്‍ കായിക പ്രേമികള്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ ഹീന സിന്ധുവാണ് മെഡല്‍ നേടാന്‍ ഇറങ്ങുന്നത്. പുരുഷവിഭാഗം ട്രാപ്പ് ഇനത്തില്‍ മനവ്ജിത്ത് സന്ധുവും ഇന്ത്യന്‍ പ്രതീക്ഷ കാക്കാന്‍ ഇറങ്ങും. ഒപ്പം വനിതാ ഹോക്കിയിലും മത്സരം ഉണ്ട്. റിയോ ഒളിമ്പിക്സിലെ ആദ്യ മെഡല്‍ അമേരിക്കയ്ക്കയാണ് സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ വെര്‍ജീന ത്രാഷറാണ് ആദ്യ മെഡല്‍ സ്വന്തമാക്കിയത്. ജൂഡോ താരം മുര്‍ഡനോവയിലൂടെ തങ്ങളുടെ ആദ്യ മൈഡല്‍ സ്വന്തമാക്കി റഷ്യ റിയോയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയുമായി അമേരിക്കയും ദക്ഷിണ കൊറിയയുമാണ് മുന്നില്‍. സ്വര്‍ണ്ണവേട്ടയില്‍ ഇന്ത്യയുടെ പേരും പട്ടികയില്‍ വരുമോയെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.