വിവാഹമോചനം ആവശ്യപ്പെട്ട് നടി അമല പോള്‍ കോടതിയെ സമീപിച്ചു; എല്ലാം കോടതിയില്‍ പറയുമെന്ന് നടി

ചെന്നൈ: ഒടുവില്‍ നടി അമലാ പോളും ഭര്‍ത്താവ് എഎല്‍ വിജയ്‌യും പിരിയാന്‍ തീരുമാനിച്ചു. വിജയില്‍ നിന്നും വിവാഹമോചനം തേടി ചെന്നൈയിലെ കുടുംബ കോടതിയിലാണ് അമല ഹര്‍ജി നല്‍കിയത്. അമലയുടെ അഭിഭാഷകന്‍ ജോസ് കിടങ്ങൂര്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിച്ചത്. വേര്‍പിരിയുന്നുവെന്ന വാര്‍ത്തയോട് അമല ഇതുവരെ പ്രതികരിച്ചിരുന്നില്ല. എല്ലാം കോടതിയിലേ തുറന്നു പറയൂ എന്ന നിലപാടിലായിരുന്നു അമല. എന്നാല്‍ വിജയും അദ്ദേഹത്തിന്റെ പിതാവും ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നു. വിജയ് ഇത് സംബന്ധിച്ച് പത്രക്കുറിപ്പും ഇറക്കി. അമലയ്ക്ക് തുടര്‍ന്ന് അഭിനയിക്കുന്നതില്‍ താനും കുടുംബവും തടസ്സം നിന്നിട്ടില്ലെന്നാണ് വിജയ് പറയുന്നത്. വിവാഹജീവിതത്തിലെ ചില പൊരുത്തക്കേടുകളും തമിഴിലെ ഒരു സൂപ്പര്‍ സ്റ്റാറുമായുള്ള അമലാ പോളിന്റെ അടുപ്പവുമാണ് ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടാക്കിയതെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2011ല്‍ പുറത്തിറങ്ങിയ ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമലാ പോള്‍ എഎല്‍ വിജയ്‌യുമായി പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹജീവിതത്തിലേക്ക് കടന്നെങ്കിലും അമലാ പോള്‍ അഭിനയരംഗത്ത് സജീവമായിരുന്നു. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് അമലാ പോള്‍ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. തമിഴ് നടനുമായുള്ള അമലയുടെ ബന്ധമാണ് വഴിപിരിയലിന് കാരണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

© 2024 Live Kerala News. All Rights Reserved.