ഹെല്‍മറ്റ് വച്ചാല്‍ ലഡു തരും അല്ലെങ്കില്‍ തല അടിച്ചുപൊട്ടിക്കും; ബൈക്ക് യാത്രികര്‍ സൂക്ഷിക്കുക; ഇത് കേരള പൊലീസ് സ്റ്റൈല്‍

കൊല്ലം: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ വന്ന യുവാവിനെ പൊലീസുകാരന്‍ വയര്‍ലെസ് സെറ്റ് ഉപയോഗിച്ചു തലയടിച്ചു പൊട്ടിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. കടപ്പാക്കട ജനയുഗം നഗറില്‍ വാടകയ്ക്കു താമസിക്കുന്ന അഞ്ചുകല്ലുംമൂട് സ്വദേശി സന്തോഷ് ഫെലിക്‌സി (34) നാണു വയര്‍ലെസ് സെറ്റു കൊണ്ടുള്ള അടിയില്‍ ഗുരുതരമായി പരുക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഫെലിക്‌സിനു നെറ്റിയില്‍ പൊട്ടലും കേള്‍വിക്കു തകരാറും സംഭവിച്ചിട്ടുണ്ട്. ലിങ്ക്‌റോഡില്‍ മറൈന്‍ സര്‍വേ ഓഫിസിനു സമീപം വൈകിട്ടു വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന ട്രാഫിക് പൊലീസ് സംഘത്തില്‍പ്പെട്ട സിവില്‍ പൊലീസ് ഓഫിസര്‍ മാഷ് ദാസ് ആണ് ആക്രമിച്ചത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഓഫിസറായ ഫെലിക്‌സ് കാങ്കത്ത്മുക്കിലെ വാഹന വര്‍ക്ക്‌ഷോപ്പില്‍ നിന്നു കടപ്പാക്കടയിലേക്കു വരുമ്പോഴായിരുന്നു സംഭവം. രണ്ടു വയസ്സുള്ള മകനെ ഡോക്ടറെ കാണിക്കാന്‍ കടപ്പാക്കടയിലെ ക്ലിനിക്കില്‍ എത്തിയ ഭാര്യ അനീറ്റ (അഞ്ജു) മരുന്നിനു കൂടുതല്‍ രൂപ വേണമെന്ന് അറിയിച്ചതിനെ തുടര്‍ന്നു വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരന്റെ ബൈക്കുമെടുത്തു കടപ്പാക്കടയിലേക്കു വന്നതായിരുന്നു. സ്വന്തം ബൈക്കില്ലാത്തതിനാല്‍ ഹെല്‍മറ്റ് കൈവശമുണ്ടായിരുന്നില്ല. ലിങ്ക് റോഡിലെത്തിയപ്പോള്‍ റോഡരികില്‍ ഒതുക്കിയിട്ടിരുന്ന ലോറിയുടെ മറവില്‍ നിന്നു പൊലീസുകാരന്‍ ബൈക്കിനു മുന്നിലേക്കു ചാടി വീഴുകയായിരുന്നുവെന്നു സന്തോഷ് പറഞ്ഞു. ബൈക്ക് പെട്ടെന്നു നിര്‍ത്തുന്നതിനിടെ നീയൊന്നും ഹെല്‍മറ്റ് ധരിക്കില്ലേ എന്നാക്രോശിച്ചു കൊണ്ടു വയര്‍ലെസ് സെറ്റു കൊണ്ട് ഇടതു നെറ്റിയില്‍ ഇടിച്ചു. ചെവിക്കും പിന്നിലും അടിയേറ്റ് രക്തം വാര്‍ന്ന ഫെലിക്‌സ് നിലത്തു വീഴാതിരിക്കാന്‍ ഹാന്‍ഡിലില്‍ പിടിച്ചിരുന്നു. രക്തം വാര്‍ന്നൊഴുകുന്നതു കണ്ടു സമീപത്തെ പുള്ളിക്കട ചന്തയില്‍ ഉണ്ടായിരുന്നവരും വഴിയാത്രക്കാരും ഓടിയെത്തി പ്രതിഷേധിച്ചതോടെ മാഷ് ദാസ് പൊലീസ് ബൈക്കില്‍ കടന്നു. വിവരമറിഞ്ഞു സഹോദരന്‍ സന്ദീപ് ഫെലിക്‌സും സന്തോഷിന്റെ ഭാര്യയും സ്ഥലത്തെത്തിയപ്പോഴേക്കും വന്‍ ജനാവലി തടിച്ചു കൂടിയിരുന്നു. അതേസമയം സേനയ്ക്ക് നാണക്കേടാണ് ഇത്തരത്തിലുള്ള പൊലീസുകാരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
പൊലീസുകാരന്റെ പെരുമാറ്റം അപക്വവും അക്രമാസക്തവുമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഹെല്‍മറ്റ് വച്ചവര്‍ക്ക് ലഡു നല്‍കുകയും അല്ലാത്തവര്‍ക്ക് ഉപദേശം നല്‍കുകയും ചെയ്ത പൊലീസാണിപ്പോള്‍ യഥാര്‍ഥ സ്വഭാവം പുറത്തെടുത്തിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.