മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരം പ്രളയത്തില്‍ മുങ്ങുന്നു. ഇന്ന് രാവിലെ ആരംഭിച്ച മഴയെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചു. റോഡ് ഗതാഗതം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. അടുത്ത 48 മണിക്കൂര്‍ നേരത്തേക്കുകൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ, താനേ, നവി മുംബൈ എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താനേ, നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. മഴ കനത്തതോടെ മിക്ക റോഡുകളിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മൂന്നു മണിക്കൂറിനുള്ളില്‍ 72 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ബാന്ദ്രയിലെ ലീലാവതി ആശുപത്രിക്ക് സമീപവും വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ പ്രദേശത്തുമടക്കം നിരവധി കേന്ദ്രങ്ങളില്‍ കനത്ത ട്രാഫിക് ബ്ലോക്കാണ് അനുഭവപ്പെടുന്നത്. വിമാനസര്‍വീസുകളെയും മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുംബൈയില്‍നിന്നു പുറപ്പെടുന്നതും കടന്നുപോകുന്നതുമായ ട്രെയിന്‍ സര്‍വീസുകള്‍ വൈകിയാണോടുന്നത്.
ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.