തിരുവനന്തപുരം: കോണ്‍ഗ്രസും യുഡിഎഫും ഒരുപോലെ പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുമ്പോഴാണ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെതിരെ രംഗത്ത് വന്നത്. പുന: സംഘടന വേണ്ട, പകരം സംഘടനാതിരഞ്ഞെടുപ്പാണ് ആവശ്യമാണ് കെ സുധാകരന്‍ ഉന്നയിച്ചത്. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനാ തിരഞ്ഞെടുപ്പിനേ കഴിയുകയുള്ളുവെന്നും അദേഹം പറയുന്നു. എന്നാല്‍ പുന:സംഘടന ഹൈക്കമാന്‍ഡിന്റെ ഏകകണ്ഠ തീരുമാനമാണെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സുധീരനെതിരെ നേതൃത്വത്തിലെ പ്രബലര്‍ രംഗത്ത് വരുമ്പോഴും ഹൈക്കമാന്‍ഡ് അദേഹത്തിനൊപ്പമാണ്. കെപിസിസി പ്രസിഡന്റ് സുധീരനെ മാറ്റേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധിയുമായുളള ഉന്നതതല യോഗത്തില്‍ തീരുമാനയത് ഇതിന്റെ സൂചനയാണ്. ഗ്രൂപ്പിന്റെ അതിപ്രസരം എന്തുവിലകൊടുത്തും തകര്‍ക്കാനാണ് സുധീരന്റെ തീരുമാനം. ഇതിനിടെ പുതിയ പോര്‍മുഖം തുറന്ന് എം എം ഹസന്‍ സുധീരനെതിരെ രംഗത്ത് വന്നു. ഗ്രൂപ്പുകളെ അപലപിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും ഗ്രൂപ്പിനെ വിമര്‍ശിക്കുന്നവര്‍ തെരഞ്ഞെടുപ്പിനെ ഭയമുളളവരാണെന്നും ഹസന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റ് ആകുന്നത് ഗുണകരമാണ്. പക്ഷെ ആ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഇത് ആദ്യമായല്ല സുധീരനെതിരെ പരസ്യ വിമര്‍ശനവുമായി ഹസന്‍ രംഗത്തെത്തുന്നത്. അതേസമയം അന്തിമമായി വിജയം സുധീരന് തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. അദേഹം മുന്നോട്ടുവച്ച ഫോര്‍മുല തന്നെയാണ് ഹൈക്കമാന്‍ഡും രാഹുല്‍ഗാന്ധിയും അംഗീകരിച്ചതെന്ന് വ്യക്തം.