മന്ത്രി കെ ടി ജലീലിന്റെ സൗദിയാത്ര അനിശ്ചിതത്വത്തില്‍; പാസ്‌പോര്‍ട്ട് നിഷേധിച്ചതിന്റെ പിന്നില്‍ രാഷ്ട്രീയമെന്ന് സംശയം; സൗദിയിലെ ലേബര്‍ ക്യാമ്പുകളിലുള്ള മലയാളിതൊഴിലാളികളെ സന്ദര്‍ശിക്കാനായിരുന്നു മന്ത്രി പോകാനിരുന്നത്

തിരുവനന്തപുരം: സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുള്ളതരായി സൂചന. വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതോടെ ജലീലിന് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ലഭിച്ചില്ല. ഇതോടെ ജലീലിന്റെ സൗദി യാത്ര അനിശ്ചിതത്വത്തിലായിട്ടുണ്ട്. ഇന്നാണ് ജലീല്‍ സൗദിയിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്. ഇതോടെ ജലീലിന്റെ യാത്രാ പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം ചര്‍ച്ച ചെയ്തെന്നും സര്‍ക്കാര്‍ തീരുമാനമനുസരിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കെടി ജലീല്‍ പറഞ്ഞു. സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ മുന്നൂറോളം മലയാളികള്‍ കുടുങ്ങിക്കിടന്ന പശ്ചാത്തലത്തിലാണ് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ അയക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ജലീല്‍ നാളെ സൗദിയിലേയ്ക്ക് യാത്ര തിരിക്കാനായിരുന്നു ധാരണ. മന്ത്രിതല സംഘത്തെ സൗദിയിലേയ്ക്ക് അയക്കാന്‍ തീരുമാനിച്ച ഉടന്‍ തന്നെ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ ക്ലിയറന്‍സ് നല്‍കാനാകില്ലെന്നാണ് കേന്ദ്രം കേരളത്തെ അറിയിച്ചിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന മലയാളികളുമായി ആശയവിനിമയം നടത്തി പകരം നാട്ടിലെത്തിക്കാനും പുനരധിവാസം ഉറപ്പാക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമം ഇതോടെ അനിശ്ചിതത്വത്തിലായി. പാസ്‌പോര്‍ട്ട് നിഷേധിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.