എറണാകുളം: ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ കടന്നുപിടിച്ചിരുന്നെന്ന് യുവതി. അദ്ദേഹത്തിനെതിരെ കേസെടുത്തപ്പോള്‍ തനിക്കെതിരെ അപവാദ പ്രചരണം നടത്തി. തെറ്റ് ചെയ്തയാളെ സംരക്ഷിക്കാന്‍ ഒരു വിഭാഗം അഭിഭാഷകര്‍ ശ്രമിക്കുകയാണെന്നും യുവതി പറഞ്ഞു. സംഭവം ഉണ്ടായതിന് ശേഷം ഇയാളുടെ അച്ഛനും അമ്മയും ഭാര്യയും എന്നെ വന്നു കണ്ടിരുന്നു. ജാമ്യം കിട്ടാന്‍ സഹായിക്കണമെന്ന് അവര്‍ തന്നോട് ആവശ്യപ്പെട്ടു. ധനേഷ് മാത്യു മാഞ്ഞൂരാനെ തനിക്ക് നേരത്തെ അറിയില്ല. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും യുവതി പറയുന്നു.
ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ അപമാനിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന് ഇന്നലെ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും 37 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് പറഞ്ഞിരുന്നു. മൊഴികളില്‍നിന്നും കുറ്റകൃത്യം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് മാത്യു മാഞ്ഞൂരാനായിരുന്നു ഹൈക്കോടതിയെ സമീപിച്ചിച്ചത്. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 14നു രാത്രി ഏഴ് മണിക്ക് എറണാകുളം കോണ്‍വന്റ് ജംക്ഷന് സമീപം വെച്ചാണ് ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചതെന്നാണ് പരാതി. ഇത് നേരില്‍കണ്ടെന്ന് പറഞ്ഞ് ബേക്കറി ഉടമയും രംഗത്തെത്തിയിരുന്നു.