അന്ന് പിടി ചാക്കോ ഇന്ന് കെഎം മാണി; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം; മാണിയെ കെണിയില്‍ വീഴ്ത്തിയതിന് പിന്നില്‍ ചില ദൈവങ്ങള്‍

തിരുവനന്തപുരം: അന്ന് പിടി ചാക്കോയെ വേട്ടയാടിയവര്‍ ഇന്ന് കെഎം മാണിയെയാണ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ. കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് പ്രതിച്ഛായയുടെ പുതിയ പതിപ്പ് ഇറങ്ങിയത്. അന്ന് പിടി ചാക്കോ, ഇന്ന് കെഎം മാണി എന്ന ലേഖനത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുളളത്. ബാര്‍ വിവാദങ്ങളില്‍ മാണിയെ വലിച്ചിഴച്ചത് ചില ദൈവങ്ങളുടെ ഐഡിയയാണെന്നും ബാര്‍ ലൈസന്‍സ് വിഷയത്തിലെ ഫയലുകള്‍ നിയമമന്ത്രിയെ കാണിച്ചില്ലെന്ന ഗുരുതര ആരോപണവും പ്രതിച്ഛായ മുന്നോട്ടു വെക്കുന്നു. നിയമ വകുപ്പ് അറിയാതെ എജിയില്‍ നിന്നും നിയമോപദേശം തേടിയതെന്നും ഈ നിയമോപദേശം മാണിയെ കാണിക്കാത്തത് ദുരൂഹമാണെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു. ബാറുകള്‍ പൂട്ടാന്‍ കെ എം മാണി ഫയലില്‍ എഴുതുമെന്ന് ഭയപ്പെട്ടുവെന്നും പ്രതിച്ഛായ പറയുന്നു. പിടി ചാക്കോയെ കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എബ്രാഹം മാത്യു എഴുതിയ പിടി ചാക്കോ ചതിയും മൃതിയും എന്ന പുസ്തകം അവസാനിക്കുന്നത് രണ്ട് വരികളിലാണ് എന്ന വാചകം ഉദ്ധരിച്ചു കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത് തന്നെ.വസ്തുതകള്‍ വസ്തുതകള്‍ തന്നെയായി നിലനില്‍ക്കും അത് നിങ്ങളുടെ സ്വന്തം ഇഷ്ടാനുഷ്ടങ്ങളുടെ ഇല്ലാതാകുന്നില്ലെന്നും പിടി ചാക്കോയെ വേട്ടയാടിയവര്‍ ഇപ്പോള്‍ മാണിക്കെതിരെ തിരിഞ്ഞുവെന്നും അവര്‍ മാണിയെ കൊല്ലാകൊലാ ചെയ്യുന്നുവെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു. ബാര്‍കോഴയിലെ യഥാര്‍ത്ഥ പ്രതിയെ ജനം തോല്‍പ്പിച്ചുവെന്നും കെഎം മാണിയും അദ്ദേഹത്തിന്റെ കറുത്ത സ്യൂടട്ട്‌കെയ്‌സും ഒരു ബജറ്റ് വസന്തകാല ചിത്രമായി മലയാളത്തിന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നും പ്രതിച്ഛായ സ്ഥാപിക്കുന്നു. കെഎം മാണിയെ അനുനയിപ്പിക്കാനുളള യുഡിഫിന്റെ അനുനയ നീക്കം പാളിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെയുളള വിമര്‍ശനം ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്. മാണിയും കൂട്ടരും എന്‍ഡിഎയിലേക്ക് ചേക്കേറുമെന്ന ചര്‍ച്ച സജീവമായിരിക്കെയാണ് പാര്‍ട്ടി മുഖപത്രം വീണ്ടും കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

f31da90b-6fd4-4ee1-b05d-8d0e50f86f72

© 2024 Live Kerala News. All Rights Reserved.