അമേരിക്കന്‍ പ്രസിഡന്റാകാന്‍ ട്രംപ് യോഗ്യനല്ല; നിര്‍ണ്ണായക വിഷയങ്ങളെക്കുറിച്ച് സാമന്യ അറിവ് പോലുമില്ലാത്തയാള്‍; തുറന്നടിച്ച് ബരാക് ഒബാമ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റാകാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഒന്നുംകൊണ്ടും യോഗ്യനല്ലെന്ന് പ്രസിഡന്റ് ബരാക് ഒബാമ. ഓരോ ദിവസംകൂടുംതോറും അമേരിക്കന്‍ പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന് ട്രംപ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ എന്തിന് ട്രംപിനെ പിന്തുണക്കുന്നുവെന്ന് ഒബാമ പ്രതികരിച്ചു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങിയ നിര്‍ണായക പ്രശ്‌നങ്ങളെ കുറിച്ചുള്ള സാമാന്യമായ അറിവ് പോലും ട്രംപിന് ഇല്ലെന്ന് ഒബാമ വിമര്‍ശിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത് ഒബാമ അഭിപ്രായപ്പെട്ടു. ട്രംപിന്റെ തുടര്‍ച്ചയായുള്ള വിവാദ പരാമര്‍ശങ്ങളെ ജോണ്‍ മകെയിന്‍ ഉള്‍പ്പെടെയുള്ള പല പാര്‍ട്ടി നേതാക്കളും തുടര്‍ച്ചയായി അപലപിക്കുകയാണ്. ഈ സാഹചര്യത്തില്‍ ട്രംപിനെ എന്തിന് പിന്തുണയ്ക്കണം എന്ന് അവര്‍ സ്വയം ചോദിക്കണമെന്നും ഒബാമ പറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. ഹിലരിയെ ചെകുത്താനെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി ഹിലരിയുമായി മത്സരരംഗത്ത് ഉണ്ടായിരുന്ന ബേണി സാന്‍ഡേഴ്‌സണ്‍ ഹിലരിയെ പിന്തുണയ്ക്കുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രംപിന്റെ നിലപാടും ശരീരഭാഷയുമെല്ലാം ഏറ ചര്‍ച്ചയാകുന്നതിനിടെയാണ് ഒബാമ തന്നെ ആഞ്ഞടിച്ചത്.

© 2024 Live Kerala News. All Rights Reserved.