മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍; കേരളത്തിലെ മതപഠന കേന്ദ്രങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം വിജിലന്‍സ് പരിശോധിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് പരിശോധിക്കുന്നു.രാജ്യത്തിനുപുറത്തുനിന്നും കേരളത്തിലെ മതപഠന കേന്ദ്രങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായവും വിജിലന്‍സിന്റെ നിരീക്ഷണത്തിലാണ്. പണം നല്‍കി മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ അത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിജിലന്‍സിന്റെ നിരീക്ഷണം. കേരളത്തില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ അടുത്തിടെ അപ്രത്യക്ഷരായ 21 പേരില്‍ അഞ്ചുപേര്‍ മതംമാറിയവരാണ്. പണവും പ്രലോഭനവും ഈ മതംമാറ്റങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കപ്പെടുന്നു.
2011നും 2015നും ഇടയില്‍ 5,793 പേര്‍ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 76 ശതമാനവും 35 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകളാണ്. മതപരിവര്‍ത്തനം നടത്തിയവരില്‍ 4,719 പേര്‍ ഹിന്ദുക്കളും 1,074 പേര്‍ ക്രിസ്ത്യാനികളുമാണ്. 2011ല്‍ 1074പേരും 2012ല്‍ 1117പേരും 2013ല്‍ 1137പേരും 2014ല്‍ 1256പേരും 2015ല്‍ 1209 പേരും കേരളത്തില്‍ മറ്റു മതങ്ങളില്‍നിന്ന് ഇസ്ലാം മതത്തിലേക്ക് മാറി. ഈ മതംമാറ്റങ്ങളെല്ലാം സ്വമേധയ നടന്നവയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കരുതുന്നില്ല. അടുത്തിടെ കാണാതായ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി നിമിഷ ഇസ്ലാം മതത്തിലേക്ക് മാറിയത് മൂന്നുവര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തില്‍ വെച്ചാണ്. ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളുടെ വിവരങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്.

© 2023 Live Kerala News. All Rights Reserved.