മുംബൈ: ഔറംഗാബാദ് ആയുധവേട്ടകേസില്‍ മുംബൈ ഭീകരാക്രമണ കേസില്‍ കുറ്റക്കാരായ പ്രതികളില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം തടവ്. രണ്ടുപേര്‍ക്ക് 14 വര്‍ഷവും 3 പേര്‍ക്ക് എട്ടുവര്‍ഷവും തടവ് വിധിച്ചു. കേസില്‍ ആകെ 12 പേരെയാണ് മോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമകോടതി) കോടതി ജഡ്ജി എസ്.എല്‍. അനെകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതില്‍ മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ലശ്കറെ ത്വയ്ബ തീവ്രവാദിയുമായ അബു ജുന്ദാല്‍ ഉള്‍പ്പെടെ കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ യു.എ.പി.എ, ഐ.പി.സി നിയമപ്രകാരം ചുമത്തപ്പെട്ട കുറ്റങ്ങള്‍ കോടതി ശരിവെച്ചിരുന്നു. കേസില്‍ 22 പേരാണ് വിചാരണ നേരിട്ടത്. എട്ട് പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 2012 ജൂണില്‍ സൗദി അറേബ്യയില്‍ പിടിയിലായ അബൂ ജുന്ദലിനെ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ഇയാള്‍ മുഖ്യപ്രതിയായ ഔറംഗാബാദ് ആയുധവേട്ട കേസിന്റെ വിചാരണ 2013 മാര്‍ച്ചിലാണ് മുംബൈയിലെ മോക്ക സ്‌പെഷ്യല്‍ കോടതിയിലേക്ക് മാറ്റിയത്. 2006ലെ ഔറംഗാബാദ് ആയുധവേട്ടയോടെ ഇയാളെ കാണാതാവുകയായിരുന്നു. 2008ല്‍ മുംബൈ ആക്രമിച്ച കസബ് അടക്കമുള്ള ഭീകരരെ ഹിന്ദി പഠിപ്പിച്ചതും ആക്രമണസമയത്ത് കറാച്ചിയില്‍ ലഷ്‌കര്‍ ഇത്വയിബയുടെ കണ്‍ട്രോള്‍ റൂമിലിരുന്ന് അക്രമികള്‍ക്ക് ഫോണിലൂടെ നിര്‍ദേശം നല്‍കിയതും അബൂജുന്ദലാണെന്നാണ് കണ്ടെത്തിയിരുന്നു.