ന്യൂഡല്‍ഹി: ഉത്തേജകമരുന്ന വിവാദക്കുരുക്കില്‍ നിന്ന് ഗുസ്തി താരം നാര്‍സിങ് യാദവിന് ദേശീയ ഉത്തേജക വിരുദ്ധ സമിതി മോചനം നല്‍കിയതിനു പിന്നാലെ നര്‍സിംഗിന് പിന്തുണ അറിയിച്ച് ഒളിംപ്യന്‍ സുശീല്‍ കുമാര്‍ രംഗത്ത്. തനിക്കും രാജ്യത്തിനും വേണ്ടി ജയിച്ച് വരണമെന്നും സുശീല്‍ പറഞ്ഞു.നാര്‍സിങ് കുറ്റവിമുക്തനായതില്‍ സന്തോഷമുണ്ടെന്നും തന്റെ പിന്തുണ എപ്പോഴും കൂടെയുണ്ടെന്നും സുശീല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. റിയോ ഒളിമ്പിക്‌സിന് സുശീലിനെ പിന്തള്ളിയാണ് നര്‍സിംഗ് യാദവ് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പ് പ്രകടനമാണ് യാദവിന് യോഗ്യത നേടിക്കൊടുത്തത്. യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാതിരുന്നതും സുശീലിന് വിനയായി. പരിക്ക് കാരണമാണ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് സുശീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തനിക്കും യാദവിനും ഇടയില്‍ ട്രയല്‍സ് നടത്തി മത്സരാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് സുശീല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കായികമന്ത്രാലയം നര്‍സിംഗിന് യോഗ്യത നല്‍കി.