ഡോണള്‍ഡ് ട്രംപിന് റഷ്യയോടാണ് കൂറ്; പുടിനെ പിന്തുണയ്ക്കാന്‍ ട്രംപ് വല്ലാത്ത താല്‍പര്യമാണ് കാട്ടുന്നതെന്നും ഹിലരി ക്ലിന്റന്‍; പുടിനുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ട്രംപ്

വാഷിങ്ടന്‍: അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് റഷ്യയോടാണ് കൂറെന്നും പുടിനെ പിന്തുണയ്ക്കാന്‍ ട്രംപ് വല്ലാത്ത താല്‍പര്യമാണ് കാട്ടുന്നതെന്നു നമുക്കറിയാമെന്നും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍ പറഞ്ഞു. ‘ക്രൈമിയയിലും യുക്രെയ്‌നിലും പുടിന്റെ ഇടപെടലുകളെ ട്രംപ് പിന്തുണയ്ക്കുന്നു. ഇവിടെ അമേരിക്ക ഇടപെടരുതെന്നാണ് ട്രംപിന്റെ അഭിപ്രായം. റഷ്യയ്‌ക്കെതിരായ ഉപരോധം നീക്കണമെന്നുമാണ് അദ്ദേഹത്തിന്റെ വാദമെന്ന് ഹിലറി പറഞ്ഞു.

ക്രൈമിയയെ റഷ്യയോടു കൂട്ടിച്ചേര്‍ത്ത പുടിന്റെ നടപടി യുഎസ് അംഗീകരിക്കണമെന്നും മോസ്‌കോയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇതാണ് വഴിയെന്നും കഴിഞ്ഞദിവസം ട്രംപ് ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ റഷ്യയുമായി സഹകരണം ശക്തമാക്കാനും ഇതു സഹായിക്കും. റഷ്യയുടെ ഭാഗമാകാനാണ് ക്രൈമിയയിലെ ജനങ്ങളുടെ താല്‍പര്യമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, പുടിനുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ട്രംപ് പറഞ്ഞു. തന്നെക്കുറിച്ചു നല്ലതു പറഞ്ഞതുകൊണ്ടാണ് മുന്‍പ് പുടിനെ പുകഴ്ത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ‘ഞാന്‍ പുടിനെ നേരിട്ടു കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.