സുകുമാരനും സോമനും മാലയിട്ടു സ്വീകരിക്കുന്ന മീശക്കാരന്‍ ആരായിരുന്നു? ഒടുവില്‍ പൃഥ്വിരാജ് തന്നെ ഉത്തരം കണ്ടെത്തി

കൊച്ചി: പിതാവും നടനുമായ സുകുമാരനും നടന്‍ സോമനും വേറൊരാള്‍ക്ക് പൂമാല ചാര്‍ത്തുന്ന ചിത്രം എഫ്ബിയില്‍ പൃഥ്വിരാജ് തന്നെയാണ് പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന്റെ കൂടെ പൃഥ്വിയുടെ ഒരു ചോദ്യവും ഉണ്ടായിരുന്നു. സോമനും സുകുമാരനും മാലയിട്ട് സ്വീകരിക്കുന്ന മീശക്കാരന്‍ ആരാണെന്ന് പൃഥ്വി ചോദിച്ചു. പൃഥ്വിയുടെ ചോദ്യം കേട്ട് ആരാധകര്‍ ഉത്തരത്തിനായി തലപുകഞ്ഞാലോചിച്ചു. സംവിധായകന്‍ ഐവി ശശിയാണെന്ന് ചിലര്‍. മറ്റു ചിലര്‍ പറഞ്ഞു കെ.ടി കുഞ്ഞുമോന്‍ എന്ന്. അങ്ങനെ നാനൂറോളം കമന്റുകള്‍ ചിത്രത്തിന് ലഭിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം പൃഥ്വി തന്നെ ഉത്തരം വെളിപ്പെടുത്തി. തിരക്കഥാകൃത്ത് ടി.ദാമോദരന്‍ മാഷായിരുന്നു അത്. മൂവര്‍ക്കുമൊപ്പമുള്ള നാലാമന്‍ ആരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കെ.ടി.സി.അബ്ദുള്ളയായിരുന്നു അത്. കമന്റുകളില്‍ നിന്നും ആദ്യം ശരിയുത്തരം നല്‍കിയത് ബാല ഗംഗാധരന്‍ എന്ന ആരാധകനാണെന്നും പൃഥ്വി പറഞ്ഞു. ഐ.വി.ശശി സംവിധാനം ചെയ്ത് സോമന്‍, സുകുമാരന്‍, ജയഭാരതി തുടങ്ങിയവര്‍ അഭിനയിച്ച് 1979ല്‍ പുറത്തിറങ്ങിയ ചിത്രം ‘മനസാ വാചാ കര്‍മ്മണാ’യുടെ വിജയാഘോഷത്തിനിടെ പകര്‍ത്തിയ ചിത്രമാണ് പൃഥ്വി വീണ്ടും പൊടിത്തട്ടിയെടുത്തത്.

© 2024 Live Kerala News. All Rights Reserved.