ന്യുഡല്‍ഹി: കൊല്‍ക്കത്തയില്‍ നടന്ന പ്ലീനത്തില്‍ സംഘടനയെ ശക്തിപ്പെടുത്താനെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സിപിഎം പൊളിറ്റ് ബ്യൂറോയുടെ ദ്വിദിന സമ്മേളനത്തില്‍ തുടങ്ങി. പ്രഫ. ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായുള്ള നിയമനം എതിര്‍ത്തു വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അയച്ച കത്ത് പിബി അംഗങ്ങള്‍ക്കു വിതരണം ചെയ്തു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേരളത്തിലെ ആസൂത്രണ കമ്മിഷന്‍ മുന്‍ ഉപാധ്യക്ഷനുമായിരുന്ന പ്രഭാത് പട്നായിക് ഇതു സംബന്ധിച്ച് യച്ചൂരിക്കു നല്‍കിയ കുറിപ്പും വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തു ഭരണപരിഷ്‌കരണ കമ്മിഷനെ നിയമിക്കുന്നതു പിബി ചര്‍ച്ചചെയ്യും. വി.എസ്.അച്യുതാനന്ദനെ നിയമിക്കുന്നതിനുവേണ്ടിയാണ് ഇരട്ടപ്പദവി ഒഴിവാക്കല്‍ ബില്‍ കേരള നിയമസഭ പാസാക്കിയത്. എന്നാല്‍, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനം വേണമെന്ന വിഎസിന്റെ ആവശ്യം ഈ നിയമനക്കാര്യം വൈകിക്കുകയാണ്. വിഎസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള സാധ്യത കുറലവാണെന്നുള്ള വിവരം തന്നെയാണ് പുറത്തുവരുന്നത്.