ഗുവാഹത്തി: കിഴക്കന്‍ സംസ്ഥാനങ്ങളെ പ്രളയം അപ്പാടെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി ഉയര്‍ന്നു. അസമില്‍ മാത്രം 28 പേരാണ് മരിച്ചത്. ബീഹാര്‍, അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണിപ്പോള്‍. നിരവധി പേര്‍ക്ക് വീടും കൃഷിയിടങ്ങളും നഷ്ടമായി. അസമിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആകാശ നിരീക്ഷണം നടത്തി.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ടീമും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുണ്ടെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ സംഘം ഉടന്‍ അസം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആറായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ശനിയാഴ്ചയോടെ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. വെള്ളപ്പൊക്ക ബാധിതര്‍ക്കായി 800ഓളം താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആഹാരവും മരുന്നും ഇവര്‍ക്ക് എത്തിക്കുന്നുണ്ട്. ഒഡിഷയില്‍ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലില്‍ മുപ്പത് പേരാണ് മരിച്ചത്. 36 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.