ഏദന്‍: യെമനില്‍ നിന്നു മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ മൂന്ന് അല്‍ഖ്വയ്ദ ഭീകരരര്‍ പിടിയിലായി. ഇതുസംബന്ധിച്ചുള്ള വാര്‍ത്ത ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. യെമനിലെ സൈല എന്ന സ്ഥലത്തുനിന്നാണ് ഭീകരര്‍ പിടിയിലായതെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഫാ. ടോമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഏദനിലെ ഷേഖ് ഓത്മാനിലെ മോസ്‌ക് കേന്ദ്രീകരിച്ചായിരുന്നു ഭീകരരുടെ പ്രവര്‍ത്തനം. സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ടോമിനെ 2016 മാര്‍ച്ച് നാലിനാണ് ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനം ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. വൃദ്ധസദനം ആക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോകല്‍. ആക്രമണത്തിന് മുന്‍പ് മുവ്താ ബിന്‍ ഗബാലിലെ മോസ്‌ക്കിലെ ഇമാമിന്റെ അനുമതി തേടിയിരുന്നു. ആക്രമണം നടന്നത് ഇമാമിന്റെ അനുമതിയോടെയാണെന്നാണ് ഭീകരരുടെ മൊഴി. ആക്രമണത്തില്‍ ഇന്ത്യക്കാരിയടക്കം നാലു കന്യാസ്ത്രീകളും കൊല്ലപ്പെട്ടിരുന്നു. ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമസ്വരാജ് ഉറപ്പുനല്‍കിയിട്ട് ഒരു മാസം പിന്നിട്ടിട്ടുണ്ട്.