ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം തുറമുഖത്തിന് കൂടുതല്‍ പരഗണന നല്‍കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. കുളച്ചലും വികസനത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തിന് 25 കിലോമീറ്റര്‍ അകലെ കുളച്ചിലില്‍ പുതിയ അന്താരാഷ്ട്ര തുറമുഖം സ്ഥാപിക്കാന്‍ രണ്ടാഴ്ച മുമ്പ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പദ്ധതി നടത്തിപ്പിലുണ്ടായ ആശങ്ക പരിഹരിക്കുന്നതിനായാണ് പ്രധാനമന്ത്രിയുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. എംപിമാരായ സുരേഷ് ഗോപി, സി.പി. നാരായണന്‍, പി. കരുണാകരന്‍, ശശി തരൂര്‍ എന്നിവരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. കേരളത്തിന്റെ പൊതുവായ വികസന ആവശ്യങ്ങളുമായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഭീഷണിയാകുംവിധം കുളച്ചല്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയതിലുള്ള ആശങ്ക മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു.