ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കോടികളുടെ ഫണ്ട് ദുരൂപയോഗം ചെയ്തു എന്ന ആരോപണത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സിബിഐയുടെ പ്രഥമിക അന്വേഷണം. അടിസ്ഥാന സൗകര്യവികസനത്തിനെന്ന പേരില്‍ വന്‍തുക ചെലവഴിച്ചുവെന്നു കാട്ടിയുള്ള പരാതിയിലാണ് അന്വേഷണം. ജനറല്‍ ബോഡിയുടെ അംഗീകാരം കൂടാതെ കൃത്യമായ പ്ലാനും പദ്ധതിയുമില്ലാതെയാണ് മൂന്നുമുതല്‍ നാലുകോടി രൂപവരെ ക്രിക്കറ്റ് ബോര്‍ഡ് ചെലവഴിച്ചെന്നാണ് ആരോപണം. പദ്ധതിക്കായി അംഗീകൃത ഏജന്‍സികളില്‍നിന്ന് ടെന്‍ഡര്‍ വിളിക്കുകയോ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. ബിസിസിഐ അനുവദിച്ച പണം വന്‍തോതില്‍ വകമാറ്റി ചെലവഴിച്ചെന്നും പരാതിയില്‍ പറയുന്നു. സ്‌റ്റേഡിയം നിര്‍മിക്കാനായി ഭൂമി വാങ്ങിയതു സംബന്ധിച്ച ആരോപണത്തിലും സിബിഐ അന്വേഷണം നടത്തും. എന്നാല്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനെതിരായ ആരോപണങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യു നിഷേധിച്ചിരിക്കുന്നു. ഏഴുവര്‍ഷത്തെ കണക്കുകള്‍ അടുത്തിടെ ഓഡിറ്റ് ചെയ്ത് സിബിഐ നല്‍കിയിട്ടുണ്ട്.