ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന; മലിനീകരണ നിയന്ത്രണത്തിനുള്ള സോഫ്റ്റ്‌വെയര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണത്തിനുള്ള സോഫ്റ്റ്‌വെയര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുയര്‍ന്നതോടെ ഗതാതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. ആറുമാസത്തിനിടെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. വിജിലന്‍സ് ആവശ്യപ്പെട്ട രേഖകള്‍ ഗതാഗതവകുപ്പ് നല്‍കിയില്ല. മലിനീകരണ നിയന്ത്രണത്തിനുള്ള ഭാരത് സ്റ്റേജ് നിയന്ത്രണങ്ങള്‍ മറികടന്നു രണ്ടു സ്വകാര്യ വാഹന നിര്‍മാതാക്കള്‍ക്കായി, ടോമിന്‍ ജെ. തച്ചങ്കരി പുറത്തിറക്കിയ ഉത്തരവ് വിവാദമായിരുന്നു. എല്ലാ വാഹനപുക പരിശോധനാ കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന നിബന്ധനയും വിമര്‍ശന വിധേയമായിട്ടുണ്ട്. ഇവ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഡിവൈഎസ്പി കൃഷ്ണകുമാര്‍ മോട്ടോര്‍ വാഹനവകുപ്പിനോടു രേഖാമൂലം ആവശ്യപ്പെട്ടു. പക്ഷെ മോട്ടോര്‍ വാഹന വകുപ്പ് ഇവ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം നേരിട്ടെത്തി. അപ്പോഴും വിവരങ്ങളും ബന്ധപ്പെട്ട ഫയലുകളും നല്‍കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. എന്നാല്‍ ആരോപണങ്ങള്‍ക്ക് ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്ന് ടോമിന്‍ തച്ചങ്കരി പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.