മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും; കുളച്ചല്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയതിലുള്ള ആശങ്ക അറിയിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറുമായുള്ള ചര്‍ച്ചക്ക് വേണ്ടി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രമന്ത്രിമാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ പൊതുവായ വികസന ആവശ്യങ്ങളുമായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഭീഷണിയാകും വിധം കുളച്ചല്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയതിലുള്ള ആശങ്ക മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉന്നയിക്കും. വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായുള്ള ചര്‍ച്ചയില്‍ കണ്ണൂര്‍ വിമാനത്താവളവും രാസവകുപ്പ് മന്ത്രി അനന്ത്കുമാറുമായുള്ള ചര്‍ച്ചയില്‍ ഫാക്ട് പുനരുദ്ധാരണവുമാകും മുഖ്യ വിഷയമാവുകും. ശനിയാഴ്ച ആരംഭിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങുക. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പിബി യോഗം ചേരുന്നത്. ഇക്കാര്യം പിണറായി വിജയന്‍ പി.ബിയില്‍ നേരിട്ട് വിശദീകരിച്ചേക്കുമെന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.