മഹാശ്വേതാദേവി ഇനി ഓര്‍മ്മ; വിടവാങ്ങിയത് ബംഗാള്‍ സാഹിത്യത്തിലും പത്രപ്രവര്‍ത്തനരംഗത്തും നിറഞ്ഞുനിന്ന പ്രതിഭ; അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി ജീവിതം സമര്‍പ്പിച്ച ഇടതുപക്ഷ അനുഭാവി

കൊല്‍ക്കത്ത: ബംഗാളി സാഹിത്യരംഗത്തും പത്രപ്രവര്‍ത്തനരംഗത്തും തന്റേതായ ഇടംകണ്ടെത്തിയ എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി ഇനി ഓര്‍മ്മ. തൊണ്ണൂറു വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അവര്‍. പദ്മവിഭൂഷണും മാഗ്‌സസെ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവുമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിരുന്നു. 1926 ല്‍ ധാക്കയിലാണ് മഹാശ്വേത ജനിച്ചത്. പിതാവ് മനീഷ് ഘട്ടക് പ്രശസ്തനായ കവിയും നോവലിസ്റ്റുമായിരുന്നു. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു. പിതാവിന്റെ ഇളയ സഹോദരനായിരുന്നു പ്രശസ്ത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക് ആണ്്. ിഭജനത്തിനു ശേഷം ബംഗാളിലെത്തിയ അവര്‍ ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ ഇംഗ്ലിഷ് ബിരുദത്തിനു ചേര്‍ന്നു. പിന്നെ കല്‍ക്കട്ട സര്‍വകലാശാലയില്‍നിന്ന് എംഎ പൂര്‍ത്തിയാക്കി. പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. 1959 ല്‍ വിവാഹമോചനം നേടി. മകന്‍ നബാരുണ്‍ ഭട്ടാചാര്യയും അറിയപ്പെടുന്ന നോവലിസ്റ്റാണ്.

1964 ല്‍ ബിജോയ്ഗര്‍ കോളജില്‍ അധ്യാപികയായി ഔദ്യോഗികജീവിതം തുടങ്ങിയ മഹാശ്വേത സാഹിത്യ രചനയും പത്രപ്രവര്‍ത്തനവും ഒപ്പം കൊണ്ടുപോയി. ബംഗാളിലെ ആദിവാസികളും ദളിതരും സ്ത്രീകളും നേരിട്ടുകൊണ്ടിരുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും അവര്‍ തന്റെ രചനകള്‍ക്കു പ്രമേയമാക്കി. എഴുത്തിനൊപ്പം സാമൂഹിക പ്രവര്‍ത്തനവും തുടര്‍ന്ന മഹാശ്വേതാ ദേവി ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലകളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പോരാടി. ഇടതുപക്ഷ അനുഭാവിയായിട്ടും ബംഗാളിലെ ഇടതുസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രതികരിച്ചു. ഒഞ്ചിയത്ത് ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഭാര്യ കെ.കെ. രമയ്ക്ക് ആശ്വാസം പകരാനെത്തി. മുലമ്പിള്ളി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടമക്കുടി ഗ്രാമസംരക്ഷണമുന്നണിക്കും കാതിക്കുടം നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെയുള്ള സമരത്തിനും മാള പൈതൃക സംരക്ഷണസമരത്തിനുമൊക്കെ പിന്തുണയുമായി മഹാശ്വേതാ ദേവി കേരളത്തിലെത്തി. പരിസ്ഥിതി, മനുഷ്യാവകാശ വിഷയങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.