മൂത്രത്തെ കുടിവെള്ളമാക്കാം; മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗരോര്‍ജ്ജം മതി; കണ്ടുപിടുത്തവുമായി ബെല്‍ജിയം യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രഞ്ജര്‍

ബെല്‍ജിയം: സൗരോര്‍ജ്ജത്തിന്റെ സഹായത്താല്‍ മൂത്രത്തെ കുടിവെള്ളമാക്കി മാറ്റുന്ന മെഷീന്‍ നിര്‍മിച്ചിരിക്കുയാണ് ബെല്‍ജിയം യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രഞ്ജര്‍. ലോകം നേരിടുന്ന വലിയ വെല്ലുവിളിയായി ശുദ്ധജല ലഭ്യത മാറിയ സാഹചര്യത്തിലാണ് ശുദ്ധജലം ലഭ്യമാക്കുന്നതിന്റെ സാധ്യതകളെ കുറിച്ചുള്ള അന്വേഷണം ഇവര്‍ ആരംഭിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായ രാജ്യങ്ങളിലും ഗ്രാമീണ മേഖലകളിലും യന്ത്രം ഏറെ ഉപകാരപ്രദമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വലിയ ടാങ്കുകളില്‍ ശേഖരിക്കുന്ന മൂത്രം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബോയ്‌ലറില്‍ ചൂടാക്കി മെമ്പ്രേനിലൂടെ കടത്തിവിട്ടാണ് ശുദ്ധീകരണ പ്രക്രിയ നടത്തുന്നത്.

മെമ്പ്രേനില്‍ വെച്ചാണ് മൂത്രത്തില്‍ നിന്നും പൊട്ടാസ്യവും നൈട്രജനും ഫോസ്ഫറസും വേര്‍തിരിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മധ്യ ഗേന്റില്‍ നടന്ന മ്യൂസിക് ആന്റ് തിയേറ്റര്‍ ഫെസ്റ്റിവലില്‍ മെഷീന്‍ പത്ത് ദിവസം സ്ഥാപിച്ചിരുന്നു. ഇവിടെ നിന്നും ശേഖരിച്ച മൂത്രത്തില്‍ നിന്നും ആയിരം ലിറ്ററോളം കുടിവെള്ളം യന്ത്രത്തിന്റെ സഹായത്തോടെ ശുദ്ധീകരിച്ചെടുത്തതായും ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നു. സോളാര്‍ എനര്‍ജിയുടെ സഹായത്തോടെ വളരെ ലളിതമായി മൂത്രത്തെ ശുദ്ധജലമാക്കാമെന്ന് ഗവേഷകന്‍ സെബാസ്റ്റിയന്‍ ഡെരേസെ പറയുന്നു.