വിഎസിന് പദവി നല്‍കുന്നതിലും ദാമോധരന്‍ ഇഫക്ട് ; ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപീകരണം വൈകുന്നതില്‍ അച്യുതാനന്ദന് അമര്‍ഷം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജിയും

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മിനാക്കാനുള്ള നീക്കം തടയാന്‍ എം കെ ദാമോധരന്‍ ഇടപെട്ടതായി സംശയം ബലപ്പെട്ടു. ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ കമ്മിഷന്‍ രൂപീകരണം ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല മകന്‍ വി.എ.അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് നടപടിയും തുടങ്ങി. പദവി വൈകിപ്പിക്കുന്നതിനിടയില്‍ വിഎസിനെ കമ്മിഷന്‍ അധ്യക്ഷനാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും വന്നു. അതേസമയം ഭരണപരമായ താമസം മാത്രമാണ് വിഎസിന്റെ പദവി വൈകാനുള്ള കാരണണെന്നാണ് പാര്‍ട്ടി ഭരണകേന്ദ്രങ്ങളുടെ വിശദീകരണം. കമ്മിഷന്‍ രൂപീകരണം മന്ത്രിസഭാ കുറിപ്പായി കാബിനറ്റിനു മുന്നില്‍ എത്തിയിരുന്നില്ല. കമ്മിഷന്‍ അധ്യക്ഷപദം കയ്യാളുമ്പോള്‍ നിയമസഭാംഗത്വം എന്ന നിലയില്‍ വിഎസ് അയോഗ്യനാകാതിരിക്കാനുള്ള ബില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണു നിയമസഭ പാസാക്കിയത്. അതു ഗവര്‍ണര്‍ അംഗീകരിച്ചതോടെ വേണമെങ്കില്‍ ഈ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാക്കാമായിരുന്നു. രാഷ്ട്രീയ തീരുമാനത്തിന്റെ അഭാവം തന്നെയാണ് അതുകൊണ്ടു വിഎസ് കാണുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദം ഒഴിയേണ്ടിവന്ന എം.കെ.ദാമോദരനും താനുമായി ഒടുവില്‍ ഉണ്ടായ വാക്പോര് ആണോ ഇതിനു കാരണം എന്നാണ് വിഎസ് ഉറച്ചുവിശ്വസിക്കുന്നു. തന്റെ നിയമനം വിവാദമാക്കിയതിനു പിന്നില്‍ വിഎസ് ആണെന്ന ആക്ഷേപമാണു ദാമോദരന്‍ സിപിഎം നേതൃത്വത്തിനു മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. കാബിനറ്റ് പദവിയോടെയുള്ള കമ്മിഷന്‍ അധ്യക്ഷ പദവിക്കൊപ്പം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു കൂടി മടങ്ങിവരണമെന്നു വിഎസിന് ആഗ്രഹമുണ്ട്. കമ്മിഷന്‍ പദവി ഏറ്റെടുക്കുന്നതു സംബന്ധിച്ചു വിഎസും പാര്‍ട്ടിയുമായുള്ള തര്‍ക്കം തീര്‍ക്കാനായി ചര്‍ച്ച നടത്തിയ പിബി അംഗം പ്രകാശ് കാരാട്ടിനു മുന്നിലും ഈ ആവശ്യം വച്ചിരുന്നു. വിഎസിന് പണികൊടുക്കുന്നത് എം കെ ദാമോധരന്‍ തന്നെയാണെന്നും സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഇതില്‍ പങ്കുണ്ടെന്നുമാണ് വിഎസ് കേന്ദ്രങ്ങളും വിശ്വസിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.