ചെന്നൈ: കബാലിയുടെ റിലീസ് ദിവസം സൂപ്പര്‍ താരം രജനികാന്ത് ഇന്ത്യയില്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ദിവസങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയ രജനികാന്ത് ആരാധകര്‍ക്ക് സ്വന്തം കൈപ്പടയില്‍ ഒരു കത്തെഴുതി. കബാലിക്ക് നല്ല വിജയം സമ്മാനിച്ചതിന് നന്ദിയും തന്റെ ആരോഗ്യസ്ഥിതിയെപ്പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രിയ ആരാധകര്‍ക്ക്,
കബാലി, 2.0 എന്നീ രണ്ടു ചിത്രങ്ങളുടെ കരാര്‍ ഉണ്ടയിരുന്നു എനിക്ക്. ഒരേ സമയം രണ്ടു ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വന്നതിനാല്‍ മാനസികവും ശാരീരികവുമായി ഞാന്‍ വല്ലാതെ തളര്‍ന്നു പോയി. അതില്‍ നിന്ന് തിരിച്ചെത്തണമെങ്കില്‍ തിരക്കില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണമെന്ന് എനിക്ക് തോന്നി. അതിനായി മകള്‍ ഐശ്വര്യയുമൊത്ത് യു.എസില്‍ ചില മെഡിക്കല്‍ പരിശോധനകള്‍ക്കായി പോയിരിക്കുകയായിരുന്നു.
ആരോഗ്യം വീണ്ടെടുത്ത് ഞാനിപ്പോള്‍ എന്റെ സ്വന്തം നഗരമായ ചെന്നൈയിലുണ്ട്. ചിത്രത്തിന്റെ വിജയത്തില്‍ വളരെ സന്തോഷമുണ്ട്. കബാലിയുടെ നിര്‍മ്മാതാവ് കലൈപുലി എസ്. താണു, സംവിധായകന്‍ പി.എസ് രഞ്ജിത്ത് കൂടാതെ ചിത്രവുമായി സഹകരിച്ച എല്ലാവര്‍ക്കും ഞാന്‍ ഹ്യദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. എല്ലാറ്റിനും ഉപരി ആരാധകര്‍ക്കും ചെറുപ്പക്കാര്‍ക്കും മാധ്യമങ്ങളോടും നന്ദിയുണ്ട്.