ഫിലഡല്‍ഫിയ: ചരിത്രം കുറിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ സ്ഥാനാര്‍ഥിത്വം നേടി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിലഡല്‍ഫിയയില്‍ നടന്ന ചതുര്‍ദിന ഡെമോക്രാറ്റിക് കണ്‍വന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മുഖ്യ എതിരാളിയും സെനറ്ററുമായ ബേണി സാന്‍ഡേഴ്‌സാണ് ഹിലരിയുടെ പേര് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാകും ഹിലരി. നവംബര്‍ എട്ടിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെ ഹിലരി നേരിടും.
വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ആകെ 4763 പ്രതിനിധികളാണ് ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. ഇതില്‍ 2383 പേരുടെ പിന്തുണയാണ് ഹില്ലരി നേടിയത്. പ്രൈമറികളില്‍ ഹില്ലിരിയുടെ കടുത്ത എതിരാളിയായിരുന്ന ബേര്‍ണി സാന്‍ഡേഴ്‌സണ് 1,865 വോട്ടുകളാണ് ലഭിച്ചത്. കണ്‍വന്‍ഷനില്‍ പ്രഥമവനിത മിഷേല്‍ ഒബാമയും സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സും ഹില്ലരിക്കു പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിച്ചിരുന്നു. എന്നാല്‍ സാന്‍ഡേഴ്‌സിന്റെ ചില അനുയായികള്‍ ബഹളമുണ്ടാക്കി. സാന്‍ഡേഴ്‌സാണ് നേതൃത്വത്തില്‍ വരേണ്ടതെന്ന് അവര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. 2001ല്‍ ന്യൂയോര്‍ക്ക് സെനറ്ററായി ഉജ്വല വിജയം നേടിയ ഹില്ലരി അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഔദ്യോഗിക സ്ഥാനത്തെത്തുന്ന പ്രഥമ വനിതയായിരുന്നു. 2009ല്‍ അമേരിക്കയുടെ 67ാമത് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നിയമിതയായി. 2013 വരെ ഈ സ്ഥാനത്ത് തുടര്‍ന്ന അവര്‍ മികച്ച ഭരണാധികാരി, നയതന്ത്രജ്ഞ എന്നീ നിലകളില്‍ തന്റെ മികവ് തെളിയിച്ചു.